താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള ആറു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് കുത്തിവയ്പ്പ് എടുത്തിട്ടും ഒരു മാസത്തിനകം മരിച്ചതായി റിപ്പോർട്ട്. നാല് ഡോസ് ആൻ്റി റാബിസ് വാക്സിൻ കുത്തിവയ്പ് ലഭിച്ചിട്ടും കുട്ടി മരിച്ചുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
നിഷ ഷിൻഡെ എന്ന കുട്ടിക്ക് നവംബർ 17നാണ് താനെയിലെ ദിവ എന്ന പ്രദേശത്ത് വച്ച് തെരുവുനായയുടെ കടിയേറ്റത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിക്ക് തോളിലും കവിളിലുമാണ് കടിയേറ്റത്. ആൻ്റി റാബിസ് വാക്സിൻ കുത്തിവയ്പ് ഉൾപ്പെടെയുള്ള ചികിത്സകൾ സമയബന്ധിതമായി ലഭിച്ചിരുന്നുവെങ്കിലും പൊടുന്നനെ ആരോഗ്യനില വഷളാവുകയായിരുന്നു.
ആൻ്റി റാബിസ് വാക്സിൻ്റെ അവസാന ഡോസ് ലഭിച്ച് ഒരു ദിവസത്തിന് ശേഷം, ഡിസംബർ 16ന് കുട്ടിക്ക് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടു. കിടക്കയിൽ തലയിടിക്കുകയും സമീപത്തുള്ളവ ചൊറിയാൻ ശ്രമിക്കുന്നതായുമുള്ള പെരുമാറ്റങ്ങളും ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യമായ ചികിത്സകൾ നൽകിയിട്ടും നിഷയെ രക്ഷിക്കാനായില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
നായ കടിയെ തുടർന്ന് റാബിസ് വാക്സിൻ കുത്തിവയ്പ് എടുത്തിട്ടും സംഭവിക്കുന്ന മരണങ്ങൾ അപൂർവമാണ്. പക്ഷേ ഒന്നിലധികം ഘടകങ്ങൾ മൂലം ഇത് സംഭവിക്കാം. അത്തരം സാഹചര്യങ്ങളാണ് താഴെ വിശദീകരിക്കുന്നത്.
1. കുത്തിവയ്പ് വൈകി നൽകൽ
കടിയേറ്റതിനു ശേഷമുള്ള ആദ്യപടി മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി കഴുകുക എന്നതാണ്. തുടർന്ന് പേവിഷ ബാധയ്ക്കുള്ള പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) കുത്തിവയ്പിനായി ഉടൻ തന്നെ വൈദ്യസഹായം തേടണം.
ഒരു വ്യക്തിക്ക് കടിയേറ്റ് മണിക്കൂറുകൾക്കുള്ളിൽ റാബിസ് വാക്സിൻ ലഭിച്ചില്ലെങ്കിൽ വൈറസ് നാഡീവ്യവസ്ഥയിൽ പ്രവേശിക്കും. തുടർന്നുള്ള വാക്സിനേഷൻ ഫലപ്രദമല്ലാതാകും. വൈറസ് കേന്ദ്ര നാഡീവ്യവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ, വാക്സിനും ആർഐജിയും ഫലപ്രദമല്ല.
2. രോഗപ്രതിരോധ ശേഷി അപര്യാപ്തം
ചില വ്യക്തികൾക്ക് നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥകൾ, അല്ലെങ്കിൽ വാക്സിനോട് ഫലപ്രദമായി പ്രതികരിക്കാനുള്ള കഴിവിനെ തടസപ്പെടുത്തുന്ന മറ്റു മെഡിക്കൽ അവസ്ഥകൾ, എന്നിവ കാരണം വാക്സിനോടുള്ള ശക്തമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാകാതിരിക്കാം.
3. കടിയുടെ തീവ്രത
റാബിസ് വൈറസിൻ്റെ സാന്നിധ്യത്തിൻ്റെ തോത് രോഗത്തിൻ്റെ പുരോഗതിയെ സ്വാധീനിക്കും. മുഖം, കഴുത്ത്, കൈകൾ തുടങ്ങിയ നാഡികൾക്ക് ഏറെയുള്ള ഭാഗങ്ങളിൽ നായയുടെ കടിയേൽക്കുമ്പോൾ, ഒരാളുടെ കൈകളിലോ കാലിലോ കടിക്കുന്നതിനേക്കാൾ വേഗത്തിൽ വൈറസ് തലച്ചോറിൽ എത്തുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കണം.
4. കുത്തിവയ്പ് വാക്സിൻ എടുക്കുന്ന വിധം
നായ കടിയേറ്റവരിൽ ഉപയോഗിക്കുന്ന വാക്സിൻ ഫലപ്രദമല്ലാത്തതോ വാക്സിനേഷൻ ഷെഡ്യൂൾ ശരിയായി പാലിക്കാത്തതോ ആയ സാഹചര്യങ്ങളിൽ, രോഗിക്ക് മതിയായ പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞേക്കില്ല. കൂടാതെ മൾട്ടി ഡോസ് വാക്സിനുകളുടെ തുടർച്ചയായ ഡോസുകൾ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് അതിൻ്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം.
5. വൈറൽ സ്ട്രെയിൻ വേരിയബിലിറ്റി
ചില റാബിസ് വൈറസ് ഇനങ്ങൾ പല രോഗികളിലും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിച്ചേക്കാം. കൂടാതെ വാക്സിൻ ഉത്തേജിപ്പിക്കുന്ന രോഗപ്രതിരോധ പ്രതികരണത്തെ നിർവീര്യമാക്കുകയും ചെയ്തേക്കാം.
6. മുറിവ് പരിചരണത്തിലെ അപാകത
നായ കടിയേറ്റ് ഉണ്ടാകുന്ന മുറിവ് വേണ്ട വിധം വൃത്തി ആക്കിയില്ലെങ്കിൽ അണുബാധയുണ്ടാക്കാൻ ആവശ്യമായ വൈറസ് കണികകൾ അവിടെ തന്നെ അവശേഷിച്ചേക്കാം.
7. റാബിസ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നതിലെ വീഴ്ച
മുറിവേറ്റ സ്ഥലത്ത് വൈറസിനെ നിർവീര്യമാക്കുന്നതിന് റാബിസ് ഇമ്യൂണോഗ്ലോബുലിൻ (RIG) വാക്സിൻ്റെ അടിയന്തര, ഹ്രസ്വകാല ആൻ്റിബോഡികൾ കുത്തിവയ്പായി നൽകുന്നു. ഇത് ശരീരത്തിന്റെ സ്വന്തം രോഗപ്രതിരോധ സംവിധാനത്തിന് വാക്സിനിനോട് പ്രതികരിക്കാൻ സമയം നൽകുന്നു. ഉയർന്ന അപകടസാധ്യതയുള്ള കടിയേറ്റ രോഗിക്ക് RIG നൽകാതെ വാക്സിൻ മാത്രമേ ലഭിക്കുന്നുള്ളൂവെങ്കിൽ, വാക്സിന് സംരക്ഷണ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതിന് മുമ്പ് വൈറസ് കേന്ദ്ര നാഡീവ്യൂഹത്തിൽ എത്തിയേക്കാം.
(അവലംബം: എൻഡിടിവി)