

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍.
2020 ജനുവരിയില്‍ ജെഎന്‍യുവിലെ സബര്‍മതി ഹോസ്റ്റലില്‍ നടന്ന അതിക്രമങ്ങളുടെ ആറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര മന്ത്രി അമിത് ഷായ്‌ക്കെതിരെയും മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം. പരിപാടിയുടേതെന്ന് കരുതുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഷര്‍ജീല്‍ ഇമാമിനും ഉമര്‍ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു കൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
യൂണിവേഴ്‌സിറ്റി ചൊവ്വാഴ്ച പുറത്തുവിട്ട കുറിപ്പില്‍ നടപടി സംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റി അറിയിച്ചത്.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റികളെ വെറുപ്പിന്റെ പരീക്ഷണ ശാലകളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ വസന്ത് കുഞ്ച്‌പൊലീസിന് യൂണിവേഴ്‌സിറ്റി നല്‍കിയ കത്തില്‍ രാത്രി പത്ത് മണിയോടെയാണ് പരിപാടി നടത്തിയതെന്നും പറയുന്നുണ്ട്.