

ലഡാക്ക്: പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന് നോട്ടീസ് അയച്ച് ലഡാക്ക് ഭരണകൂടം. സോനം വാങ്ചുക്ക് നടത്തുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനായ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ്, ലഡാക്ക് (HIAL) ന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ആവശ്യമായ അനുമതികളില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. സ്‌കൂളിന് അനുവദിച്ച ഭൂമി റദ്ദാക്കിയ നടപടിക്കെതിരെയുള്ള കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് പുതിയ വെല്ലുവിളി. ക്ലാസുകളും മറ്റ് പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് അധികൃതരുടെ ആവശ്യം.
സ്‌കൂളിന്റെ സ്ഥാപകയും സിഇഒയുമായ സോനം വാങ്ചുക്കിന്റെ ഭാര്യ ഡോ. ഗീതാഞ്ജലി ജെ. ആങ്‌മോയ്ക്കാണ് ലേ തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍ ലഡാക്ക് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ നടപടികളും ഉണ്ടാകരുതെന്നും സ്ഥിതിഗതികളില്‍ കര്‍ശനമായി തുടരണമെന്നും നോട്ടീസില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
അധികാരികളുടെ അനുമതിയോ ഔദ്യോഗിക അംഗീകാരമോ ഇല്ലാതെയാണ് സ്‌കൂളില്‍ ക്ലാസുകളും മറ്റ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. കേസില്‍ കോടതിയില്‍ നിന്ന് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളോ മറ്റ് പരിപാടികളോ ആരംഭിക്കരുതെന്ന് ആങ്‌മോയ്ക്ക് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്‌കൂളിന് കീഴിലുള്ള ഫ്യാംങ് പ്രദേശത്തെ ഡെസേര്‍ട്ട് ഫ്‌ലവര്‍ സ്‌കൂളിന്റെ മാനേജിംഗ് കമ്മിറ്റിയിലേക്ക് നിര്‍ദേശിക്കപ്പെട്ട അംഗങ്ങള്‍ക്കായി എന്‍ഒസി തേടി ഗീതാഞ്ജലി ആങ്‌മോ കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ലേ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ സ്‌കൂളില്‍ ക്ലാസുകളും മറ്റ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചെന്നാണ് ഭരണകൂടത്തിന്റെ ആരോപണം.