ചെന്നൈ: കരൂർ ജില്ലയിൽ തമിഴക വെട്രി കഴകത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ 39 പേർ മരിച്ചു. മരിച്ചവരിൽ 10 കുട്ടികളും 16 സ്ത്രീകളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഒന്നരലക്ഷത്തോളം പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
വിജയ് പരിപാടിയിലേക്ക് എത്താൻ ഏകദേശം ഏഴ് മണിക്കൂർ വൈകിയിരുന്നു. ഇതും തിരക്കിൻ്റെ ആക്കം കൂട്ടി. ആയിരത്തോളം കുട്ടികളാണ് കുടിവെള്ളം കിട്ടാതെ നിലവിളിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് തൻ്റെ പ്രസംഗം നിർത്തിവെച്ച് ജനക്കൂട്ടത്തിന് നേരെ കുടിവെള്ളക്കുപ്പി എറിഞ്ഞു കൊടുത്തു. ഇതിനുപിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രാജ്യത്തെ നടുക്കിയ അപകടമായി മാറിയത്. വിജയ് തൻ്റെ പ്രസംഗം നിർത്തിവച്ച് സഹായിക്കാൻ ജനക്കൂട്ടത്തിന് നേരെ കുപ്പിവെള്ളം എറിയാൻ തുടങ്ങിയതായുള്ള വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
റാലിയിലുണ്ടായ ദുരന്തത്തിൽ വിജയ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. താങ്ങാനാകാത്ത ദുഃഖത്താൽ തകർന്നിരിക്കുകയാണ് എന്നാണ് വിജയ് എക്സിൽ കുറിച്ചത്. പറഞ്ഞറിയിക്കാനാകാത്ത ഹൃദയവേദനയിലാണ് താൻ ഉള്ളത്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എൻ്റെ സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളോട് ഞാൻ എൻ്റെ അഗാധമായ അനുശോചനവും അനുശോചനവും അറിയിക്കുന്നുവെന്നും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.
വിജയ്‌യുടെ ബസ് കരൂരിലെത്തുമ്പോഴേക്കും റോഡിൽ സ്ഥലമില്ലാതായ അവസ്ഥ ഉണ്ടായി. ജനക്കൂട്ടം ഒന്നാകെ ബസിന് ചുറ്റും തടിച്ച് കൂടുകയും ചെയ്തു. ചൂടും തിരക്കും കാരണം നിരവധി പേർ ബോധരഹിതരായി കുഴഞ്ഞ് വീഴുകയും ചെയ്തു.ആളുകൾ കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട വിജയ് പ്രസംഗം നിർത്താൻ തയ്യാറാകുന്നതടക്കമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തിരക്കിനിടയിൽ നിലത്ത് വീണ ആളുകൾക്ക് മുകളിലൂടെ മറ്റുള്ളവർ നടന്നുനീങ്ങി. നിരവധിയാളുകൾക്ക് പരിക്കേറ്റതോടെ ജയ് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അറിയിപ്പ് നൽകി. എന്നാൽ ജനക്കൂട്ടം വിജയ്‌യുടെ ബസിനടുത്ത് തിങ്ങിക്കൂടിയതിനാൽ ആംബുലൻസുകൾക്ക് അങ്ങോട്ടേക്ക് പ്രവേശിക്കാനും ആളുകളെ ആശുപത്രിയിലെത്തിക്കാനും കഴിയാതായി. ഇതാണ് 39പേരുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്.