
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) രണ്ട് തവണ ഏറ്റെടുത്തിരുന്നുവെന്നും, ആക്രമണസ്ഥലത്തിന്റെ ചിത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും യുഎന്‍. ലഷ്‌കറെ ത്വയ്ബയുടെ സഹായമില്ലാതെ ആക്രമണം നടക്കില്ലായിരുന്നുവെന്നും യുഎന്‍ രക്ഷാ സമിതിയുടെ മോണിറ്ററിങ് ടീമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ വിനോദസഞ്ചാര മേഖലയില്‍ അഞ്ച് ഭീകരര്‍ ആക്രമണം നടത്തി. അന്നുതന്നെ, ടി.ആര്‍.എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണസ്ഥലത്തിന്റെ ചിത്രം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത ദിവസവും ടി.ആര്‍.എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആവര്‍ത്തിച്ചു. എന്നാല്‍, ഏപ്രില്‍ 26ന് ടി.ആര്‍.എഫ് അവകാശവാദം പിന്‍വലിച്ചു. അതിനുശേഷം ഇതുസംബന്ധിച്ച ആശയവിനിമയമൊന്നും ഉണ്ടായില്ല. മറ്റൊരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി.ആര്‍.എഫിനെക്കുറിച്ചുള്ള അംഗരാജ്യങ്ങളുടെ പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബയുടെ സഹായമില്ലാതെ ഈ ആക്രമണം നടക്കില്ലായിരുന്നു. ടി.ആര്‍.എഫും ലഷ്‌കറെ ത്വയ്ബയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ടി.ആര്‍.എഫ് ആണ് ആക്രമണം നടത്തിയത്, ലഷ്‌കറെ ത്വയ്ബയുടെ പര്യായമായിരുന്നു ടി.ആര്‍.എഫ് എന്നിങ്ങനെ പരാമര്‍ശങ്ങളും, ലഷ്‌കറെ ത്വയ്ബ നിര്‍ജീവമാണെന്ന വാദവുമൊക്കെ റിപ്പോര്‍ട്ടിലുണ്ട്. മേഖലാ ബന്ധത്തില്‍ സങ്കീര്‍ണതകള്‍ തുടരുന്നുണ്ടെന്നും, ഇത്തരം ആശങ്കകള്‍ തീവ്രവാദ സംഘങ്ങള്‍ മുതലെടുക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് കഴിഞ്ഞവാരം ടി.ആര്‍.എഫിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും, ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ മെയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയവര്‍ ഉള്‍പ്പെടെ നൂറിലധികം ഭീകരരെയും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി വധിച്ചിരുന്നു.