ലഖ്നൗ: ഉത്തർപ്രദേശിൽ നിയമലംഘനം നടത്തിയ 178 സ്വകാര്യ ആശുപത്രികളുടെ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. ആശുപത്രികളെക്കുറിച്ച് 500 ഓളം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. നിയമസഭയിൽ സമാജ്‌വാദി പാർട്ടി എംഎൽഎ അതുൽ പ്രധാനിൻ്റെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആണ് ഇക്കാര്യം അറിയിച്ചത്.
ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ നൽകിയ അപ്പീലിൽ നടത്തിയ ഹിയറിങ്ങിന് ശേഷം 59 ആശുപത്രികളുടെ ലൈസൻസ് പിന്നീട് പുനഃസ്ഥാപിച്ചു. നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ച 281 ആശുപത്രികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.1542 ആശുപത്രികൾക്ക് ഞങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്, സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് നിർദേശം നൽകിയതായും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാൻ സർക്കാർ തയ്യാറാണോ എന്ന ചോദ്യത്തിന് നിലവിൽ സ്വകാര്യ ഡോക്ടർമാരുടെ കൺസൾട്ടേഷൻ ഫീസോ ലാബ് പരിശോധനാ നിരക്കുകളോ നിശ്ചയിക്കുന്നതിനും ഉറപ്പാക്കുന്നതിനും സർക്കാരിന് കൃത്യമായ നയം ഇല്ലെന്നും പഥക് മറുപടി നൽകി. എന്നാൽ സംസ്ഥാന സർക്കാർ സ്ഥാപിച്ച ആശുപത്രികളിൽ പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സ (മെഡിക്കൽ കൺസൾട്ടേഷനും മരുന്നുകളും ഉൾപ്പെടെ) ലഭ്യമാക്കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.