
രാജ്യത്തുടനീളമുള്ള ഹൈവേകളിലൂടെയുള്ള യാത്ര സുഗമവും ചെലവ് കുറഞ്ഞതുമാക്കുന്നതിനായി ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 15 മുതൽ രാജ്യത്ത് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. 3000 രൂപ വിലയുള്ള വാർഷിക പാസുകളാണ് അവതരിപ്പിക്കുന്നത്. ഹൈവേകളിലെ ഗതാഗത തടസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ എന്ന തരത്തിലാണ് പാസുകൾ. 200 യാത്രകൾ ഉപയോഗിച്ചതിന് ശേഷം യാത്രക്കാർ പാസ് റീചാർജ് ചെയ്യേണ്ടതുണ്ട്. രാജ്മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും പാസ് ലഭിക്കും. ആക്ടിവേഷനും പുതുക്കലിനുമായി പ്രത്യേക ലിങ്ക് ഉടൻ തന്നെ ഇവ മൂന്നിലും ലഭ്യമാകും.
"60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുന്നതിനുമാണ് ഈ നയം. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലൂടെയും, തിരക്ക് ലഘൂകരിക്കുന്നതിലൂടെയും, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുന്നതിലൂടെയും, ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാനുഭവം നൽകാനാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത്," ഗഡ്കരി പറഞ്ഞു.
നിലവിൽ ഉപയോഗിക്കുന്ന ഫാസ്ടാഗില്‍ വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാകും. സാധുവായ ഒരു വാഹന രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിക്കുക, ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.
നാഷണല്‍ ഹൈവേ, എക്‌സ്പ്രസ് വേ ടോള്‍ പ്ലാസകളില്‍ മാത്രമേ പുതിയ പാസിന് സാധുതയുള്ളൂ. സംസ്ഥാന ഹൈവേകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ കീഴിലുള്ള ടോള്‍ പ്ലാസകളില്‍, ഫാസ്ടാഗ് സാധാരണനിലയിലാകും പ്രവര്‍ത്തിക്കുക.
വാര്‍ഷിക പാസിന് 200 യാത്രകള്‍ക്കോ ഒരു വര്‍ഷത്തിനോ മാത്രമാണ് സാധുതയുള്ളത്. ആദ്യം ഏതാണോ തീരുന്നത് അതിനുസരിച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിധി തീര്‍ന്നുകഴിഞ്ഞാല്‍, ഒരു വര്‍ഷം ആയില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് പുതിയ വാര്‍ഷിക പാസ് എടുക്കേണ്ടി വരും.
വാര്‍ഷിക പാസ് ലഭിക്കാന്‍ പുതിയ ഫാസ്ടാഗ് വാങ്ങേണ്ട ആവശ്യമില്ല. യോഗ്യതയ്ക്ക് വിധേയമായി ഇത് നിലവിലുള്ള ഫാസ്ടാഗുമായി ലിങ്ക് ചെയ്യാം.
വാര്‍ഷിക പാസ് ഓപ്ഷണലാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. വാര്‍ഷിക പാസ് സ്‌കീമില്‍ ചേരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ച് പതിവുപോലെ ടോള്‍ അടയ്ക്കുന്നത് തുടരാം.
മന്ത്രാലയം പറയുന്നതതുസരിച്ച്, ടോളിങ് ഹൈവേകളിൽ, പ്രത്യേകിച്ച് എക്സ്പ്രസ് വേകളിൽ, പ്രവേശനവും പുറത്തുകടക്കലും ഒറ്റ യാത്രയായാണ് കണക്കാക്കുന്നത്. തുറന്ന ടോളിംഗ് സംവിധാനമുള്ള ഹൈവേകളിൽ, ഓരോ ടോൾ പ്ലാസ ക്രോസിങ്ങും പ്രത്യേക യാത്രയായി കണക്കാക്കും.
നിലവിൽ, ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് 340 രൂപയ്ക്ക് പ്രതിമാസ ഫാസ്ടാഗ് പാസ് ലഭ്യമാണ്. പ്രതിമാസ പാസിന്റെ വാർഷിക ചെലവ് 4,080 രൂപയാണ്. വാർഷിക പാസ് വരുന്നതോടെ പതിവായുള്ള യാത്രക്കാർക്ക് ഗണ്യമായ ലാഭം ലഭിക്കും.
വാഹനം നീങ്ങുമ്പോൾ ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിൽ നിന്നോ ആപ്ലിക്കേഷനിൽ നിന്നോ നേരിട്ട് ടോൾ പേയ്‌മെന്റുകൾ നടത്തുന്നതിന് ഫാസ്‌ടാഗ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.