ജയ്പൂർ: അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ തങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്ന രാജസ്ഥാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ വൻ ചര്ച്ചയാകുന്നു. വ്യാഴാഴ്ച ഒരു പൊതുപരിപാടിയിൽ അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു ബിജെപി അധ്യക്ഷന്റെ വിവാദ പരാമർശം. "ഇതൊരു യാഥാർത്ഥ്യമാണ്, നാമെല്ലാവരും ഇത് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ കാര്യം വരുമ്പോൾ ഞാൻ പറയാറുണ്ട്, ഇന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ നാം പാകിസ്ഥാനൊപ്പം നിൽക്കും, കാരണം അവർ നമ്മുടെ അയൽക്കാരാണ്. എന്നാൽ നമുക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നാം നമ്മുടെ ഇന്ത്യയ്ക്കൊപ്പം നിൽക്കും. ഇതാണ് നാം തിരിച്ചറിയേണ്ടത്," എന്നായിരുന്നു മദൻ റാത്തോഡിന്റെ വാക്കുകൾ. ഒരു ഭരണകക്ഷി സംസ്ഥാന അധ്യക്ഷൻ തന്നെ പരസ്യമായി പാകിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
മദൻ റാത്തോഡിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ഇന്ത്യൻ സൈനികരെയും സാധാരണക്കാരെയും കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ പാകിസ്ഥാനോടുള്ള ബിജെപിയുടെ രഹസ്യസ്നേഹമാണ് ഇതിലൂടെ ഒരിക്കൽക്കൂടി പുറത്തുവന്നതെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയും അമിത് ഷായും പാകിസ്ഥാനൊപ്പമാണോ എന്നും, ഈ രാജ്യവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ബിജെപി എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നും അവർ ചോദിച്ചു.
'ബിജെപി പാകിസ്ഥാനെ സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് കോർഡിനേറ്റർ സന്ദീപ് ഗുപ്തയും വീഡിയോ എക്സിൽ പങ്കുവെച്ചു. ബിജെപിയുടെയും പാകിസ്ഥാന്റെയും ഡിഎൻഎ ഒന്നാണെന്ന് ആം ആദ്മി പാർട്ടി ഉത്തർപ്രദേശ് വൈസ് പ്രസിഡന്റ് റാം ഗുപ്ത പരിഹസിച്ചപ്പോൾ, എഎപി നേതാക്കളായ രമേഷ് മതിയാല, വിനയ് മഹാബൽ മിശ്ര എന്നിവർ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ബിജെപിയുടെ ദേശീയതാ വാദങ്ങളുടെ പൊള്ളത്തരത്തെ ചോദ്യം ചെയ്തു. പ്രസ്താവന വലിയ തിരിച്ചടിയായതോടെ റാത്തോഡിന്റെ വാക്കുകളെ ന്യായീകരിക്കാനാവാതെ ബിജെപി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.