

ലക്നൗ: അമ്മ സാവിത്രി ദേവിയുടെ വിയോഗവാർത്തയറിഞ്ഞ് ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലുള്ള ജന്മനാടായ പഞ്ചൂരിലെത്തിയ യോഗി ആദിത്യനാഥ് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ വികാരാധീനനായി. അമ്മയുടെ ഭൗതികശരീരത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് അദ്ദേഹം നിശബ്ദനായി നിന്നു. ഈസമയം യോഗി ആദിത്യനാഥിൻ്റെ കണ്ണുകൾ ഈറനണിഞ്ഞു.
ഇന്നലെയാണ് സാവിത്രി ദേവി ഉത്തരാഖണ്ഡിലെ പഞ്ചാർ ഗ്രാമത്തിലെ സ്വവസതിയിൽ അന്തരിച്ചത്. ഭൗതികശരീരം ഹരിദ്വാറിൽ സംസ്ക്കരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സാവിത്രിദേവി. അമ്മയുടെ വിയോഗവാർത്ത അറിഞ്ഞിട്ടും നിശ്ചയിച്ച ഔദ്യോഗിക പരിപാടി പൂർത്തിയാക്കിയ ശേഷമാണ് യോഗി ജന്മനാട്ടിലേക്ക് തിരിച്ചത്.
സന്യാസജീവിതം സ്വീകരിച്ച് പൊതുപ്രവർത്തനത്തിലേക്ക് കടന്നപ്പോഴും അമ്മയുമായുള്ള വൈകാരികബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. അമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.