

ദാമോ: മധ്യപ്രദേശില്‍ എഐ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ബ്രാഹ്‌മണന്റെ കാല്‍ നിര്‍ബന്ധിച്ച് കഴുകിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. യുവാവിനെ കൊണ്ട് ബ്രാഹ്‌മണനായ വ്യക്തിയുടെ കാല്‍ കഴുകിക്കുക മാത്രമല്ല, പരസ്യമായി മാപ്പും പറയിപ്പിച്ചു. സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സോഷ്യല്‍മീഡിയയില്‍ യുവാവ് പങ്കുവച്ച എഐ വീഡിയോ ബ്രാഹ്‌മണ സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു ജാതീയമായ അധിക്ഷേപം. മധ്യപ്രദേശ് ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പടേര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സതാരിയ ഗ്രാമത്തിലാണ് ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, സതാരിയ ഗ്രാമത്തില്‍ മദ്യനിരോധനം നടപ്പാക്കാനുള്ള കൂട്ടായ തീരുമാനത്തിന്റെ പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍, തീരുമാനം ലംഘിച്ച് ബ്രാഹ്‌മണ സമുദായത്തില്‍പെട്ട അന്നു പാണ്ഡേ എന്നയാള്‍ മദ്യം വിറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പാണ്ഡേയ്ക്ക് ശിക്ഷ വിധിച്ചു. ഗ്രാമം മുഴുവന്‍ നടന്ന് മാപ്പ് പറയാനും 2100 രൂപ പിഴയുമായിരുന്നു ശിക്ഷ.
ഇതിനു പിന്നാലെ, ഒബിസി വിഭാഗത്തില്‍പെട്ട പുരുഷോത്തം കുശ്വാഹ എന്നയാള്‍ പാണ്ഡേയെ പരിഹസിച്ച് എഐ വീഡിയോ സൃഷ്ടിച്ചു. അന്നു പാണ്ഡെ ചെരുപ്പ് മാല ധരിച്ചുള്ള ചിത്രമായിരുന്നു കുശ്വാഹ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ അപമാനിച്ചതിന് പുരുഷോത്തമിനെയും കുടുംബത്തേയും അന്നു പാണ്ഡേ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചിരുന്നു.
എന്നാല്‍, രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങി. പുരുഷോത്തം കുശ്വാഹ അന്നു പാണ്ഡേയെ മാത്രമല്ല, ബ്രാഹ്‌മണ സമുദായത്തെ മുഴുവന്‍ അപമാനിച്ചുവെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. സതാരിയ ഗ്രാമത്തിലേയും സമീപ ഗ്രാമങ്ങളിലേയും ബ്രാഹ്‌മണ സമുദായത്തില്‍പെട്ടവര്‍ ഒത്തുകൂടി.
പോസ്റ്റ് ചെയ്ത് പതിനഞ്ചു മിനുട്ടിനുള്ളില്‍ പുരുഷോത്തം ഫോട്ടോ ഡിലീറ്റ് ചെയ്‌തെങ്കിലും ഗ്രാമം മുഴുവന്‍ വാര്‍ത്ത പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന്നു പാണ്ഡേയുടെ കാല്‍ പുരുഷോത്തമിനെ കൊണ്ട് കഴുകിക്കുകയും പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തത്.
പുരുഷോത്തം അന്നു പാണ്ഡേയുടെ കാല്‍ കഴുകുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ചെയ്ത തെറ്റിന് ബ്രാഹ്‌മണ സമുദായത്തോട് മാപ്പ് ചോദിക്കുന്നുവെന്നും ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും പുരുഷോത്തമിനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്. ബ്രാഹ്‌മണരെ തുടര്‍ന്നും ഇതുപോലെ ആദരിക്കുമെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
എന്നാല്‍, പുരുഷോത്തമുമായി ഗുരുശിഷ്യ ബന്ധമാണുള്ളതെന്നും അദ്ദേഹം സ്വമേധയാ തന്റെ കാല്‍ കഴുകാന്‍ തയ്യാറായതെന്നുമാണ് അന്നു പാണ്ഡേയുടെ വാദം. ചെയ്ത തെറ്റിന് പുരുഷോത്തം തന്നോട് മാപ്പ് പറഞ്ഞു. കാല്‍ കഴുകിയത് പുരുഷോത്തമിന്റെ സമുദായത്തിന് വേദനയുണ്ടാക്കിയെങ്കില്‍ താനും മാപ്പ് പറയുന്നുവെന്നായിരുന്നു പാണ്ഡേയുടെ പ്രതികരണം. ചിലര്‍ സംഭവം രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും പാണ്ഡേ പറഞ്ഞു.
പുരുഷോത്തമോ അദ്ദേഹത്തിന്റെ കുടുംബമോ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.