
വയനാടിന് കൈത്താങ്ങായി പത്തനംതിട്ടയിലെ അതിഥി തൊഴിലാളികളും. കൈപ്പട്ടൂർ റോഡരികിലുള്ള മത്സ്യ വിൽപനശാലയിലെ അതിഥി തൊഴിലാളികളാണ് ഒരു ദിവസത്തെ ശമ്പളം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
"നമുക്ക് കുറച്ചു പൈസ അവിടെ കൊടുക്കണം, ഒരു ചെറിയ സഹായം ആവും" വയനാടിനായി കൈകോർത്ത പത്തനംതിട്ടയിലെ അതിഥി തൊഴിലാളിയുടെ വാക്കുകളാണിത്. വീടും ഉറ്റവരെയും നഷ്ടപ്പെട്ട മനുഷ്യർക്ക് തങ്ങളാൽ കഴിയുന്ന സഹായമാണ് ഇവർ നൽകിയത്. കൈപ്പട്ടൂർ റോഡിന് ഇരുവശവുമുള്ള രണ്ട് കടകളിലെ 16 തൊഴിലാളികൾ ചേർന്ന് സ്വരൂപിച്ച 15,000 രൂപയാണ് സർക്കാരിന് കൈമാറുന്നത്. എല്ലാവരും വലിയ പ്രശ്നങ്ങളിലാണെന്ന് മനസ്സിലായി. എന്തെങ്കിലും ചെറിയ സഹായം ചെയ്യണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാനേജരെ വിവരം അറിയിച്ചതെന്ന് ദീർഘകാലമായി കേരളത്തിൽ ജോലി ചെയ്യുന്ന ഹുസൈൻ അലി പറഞ്ഞു.
2018ലെ പ്രളയകാലത്തും സന്നദ്ധ പ്രവർത്തനങ്ങളിൽ അലി ഉൾപ്പെടെയുള്ള തൊഴിലാളികൾ രംഗത്തിറങ്ങിയിരുന്നു. ചൂരൽമല ഉരുൾപൊട്ടൽ വാർത്തകളും വീഡിയോകളും ഫോണിലൂടെ കണ്ടാണ് ഇവർ മനസിലാക്കിയത്. പിന്നാലെ ഒരു ദിവസത്തെ ശമ്പളം എന്ന ആശയത്തെ എല്ലാവരും പിന്തുണച്ചതോടെ സംഭാവന തുക ഒരുമിച്ച് ജില്ലാ കളക്ടറേറ്റിൽ എത്തി കൈമാറാനാണ് തീരുമാനം.
മനുഷ്യത്വത്തിന് ഭാഷയും ദേശഭേദങ്ങളുമില്ലെന്ന് തെളിയിക്കുകയാണ് അലിയും കൂട്ടരും. ദുരന്തബാധിതർക്ക് നൽകുന്ന ചെറിയ സഹായത്തിനപ്പുറം തങ്ങൾക്ക് തൊഴിൽ തരുന്ന നാടിനോട്, അവിടുത്തെ മനുഷ്യരോട്, അവരുടെ കഷ്ടപ്പാട് മനസിലാക്കി ചേർന്നു നിൽക്കുകയാണ് ഈ സഹോദരങ്ങൾ.