കേരളത്തില്‍ ആണവ നിലയം: "സർക്കാർ നയമായി വരേണ്ട കാര്യം"; എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയോട് യോജിച്ച് വൈദ്യുതി മന്ത്രി

കേന്ദ്ര വിഹിതത്തിന്‍റെ ലഭ്യതക്കുറവിന് അനുസരിച്ചുള്ള വൈദ്യുതിക്കുറവുണ്ട്. ഇത് മൂലമുള്ള ചില നിയന്ത്രണം മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ ആണവ നിലയം: "സർക്കാർ നയമായി വരേണ്ട കാര്യം"; എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയോട് യോജിച്ച് വൈദ്യുതി മന്ത്രി
Published on

കേരളത്തില്‍ ആണവ നിലയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചയില്‍  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് യോജിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വിഷയം സംസ്ഥാന സർക്കാർ നയപരമായി എടുക്കേണ്ട തീരുമാനമാണ്. എല്ലാ മേഖലയിലും ഉൾപ്പെട്ട ആളുകളുമായും ചർച്ച വേണം. കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും നടക്കട്ടെ. പക്ഷെ  കേരളത്തിൽ തന്നെ സ്ഥാപിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞിട്ടില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

ആണവനിലയം പദ്ധതി കാലങ്ങള്‍ക്കപ്പുറം നടക്കേണ്ട കാര്യമാണെന്നും ഇപ്പോള്‍ ചർച്ച നടത്തുന്നതിന് പ്രസക്തിയില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍റെ നിലപാട്.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെപ്പറ്റിയും മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. കേരളത്തിൽ അപ്രഖ്യാപിത പവർ കട്ട് ഇല്ല. കേന്ദ്ര വിഹിതത്തിന്‍റെ ലഭ്യതക്കുറവിന് അനുസരിച്ചുള്ള വൈദ്യുതിക്കുറവുണ്ട്. ഇത് മൂലമുള്ള ചില നിയന്ത്രണം മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു.  കേരളത്തില്‍ നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകള്‍ക്ക് പിന്നാലെയാണ് കെഎസ്ഇബി ചെയർമാന്‍ ബിജു പ്രഭാകർ പദ്ധതിയുടെ ആവശ്യകതയെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയത്. ആണവനിലയം എന്തിനാണെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും എന്നാണ് ബിജു പ്രഭാകർ പറഞ്ഞത്. പാലക്കാട് കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ സംസ്ഥാന സമ്മേളനത്തിലാണ് ചെയർമാന്‍ ആണവ നിലയ സ്ഥാപിക്കുന്ന വിഷയം പൊതുചർച്ചയ്ക്ക് വെച്ചത്. മൂന്ന് സാധ്യതകളാണ് ചർച്ചയില്‍ കെഎസ്ഇബി പരിശോധിച്ചത്. കേരളത്തിന് വെളിയില്‍ നിന്നും വൈദ്യുതി വാങ്ങുക, കല്‍പ്പാക്കം നിലയത്തില്‍ നിന്ന് ആണവ വൈദ്യുതി വാങ്ങുക, കേരളത്തില്‍ തന്നെ നിലയം സ്ഥാപിക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്. അതില്‍ സംസ്ഥാനത്ത് തന്നെ ആണവനിലയം സ്ഥാപിക്കുമെന്ന നിലപാടിലാണ് ചെയർമാന്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com