
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. കെ.കെ ശൈലജയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മുസ്ലീം ലീഗും ശ്രമിച്ചു. കാഫിർ വിവാദത്തിലെ പ്രതികൾ കോൺഗ്രസും ലീഗുകാരുമാണ്. ശൈലജ ടീച്ചർ മുസ്ലിം വിരുദ്ധയെന്ന് സ്ഥാപിക്കാൻ നുണപ്രചരണങ്ങൾ നടത്തി. കാഫിർ സ്ക്രീൻഷോട്ടിനു പിന്നിൽ സിപിഎമ്മാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും ജയരാജൻ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് സിപിഎമ്മാണ്. എന്നാൽ പ്രശ്നത്തിനു പിന്നിൽ സിപിഎമ്മാണെന്ന് വരുത്തി തീർക്കാമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും ജയരാജൻ പറഞ്ഞു
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരിൽ പി. ജയരാജൻ്റെ വിശ്വസ്തനുമുണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജ് അഡ്മിൻ മനീഷ്, ജയരാജൻ്റെ വിശ്വസ്തരിൽ ഒരാളെന്നാണ് സൂചന. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മനീഷിൻ്റെ പേരുമുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ്റെ പ്രചാരണം ഏകോപിപ്പിച്ചതും മനീഷായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ച് വർഷത്തോളം പി. ജയരാജൻ്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തതും മനീഷായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കാഫിർ വിവാദം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്. മനീഷ് അഡ്‌മിനായ 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലായിരുന്നു സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന് വടകര സിഐ സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽ നിന്നാണ് പോസ്റ്റ് ലഭിച്ചതെന്നായിരുന്നു മനീഷിൻ്റെ മൊഴി. വിവാദവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിൽ തന്നെ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മനീഷിന് ജയരാജനുമായുള്ള ബന്ധം ചർച്ചയായേക്കാം.