
ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞത് വേദനയോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും ബുദ്ധദേബിൻ്റെ ലളിതജീവിതം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തമ മാതൃകയെന്നും പിണറായി വിജയൻ പറഞ്ഞു. കേരള സര്‍ക്കാരിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ സിപിഎമ്മിലെ മറ്റ് പാർട്ടി നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധദേബിൻ്റെ മരണ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിൻ്റെ സമർപ്പണം പാർട്ടിക്ക് മാർഗദർശനം നൽകുന്നുവെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
നഷ്ടമായത് ഒരു വിപ്ലവകാരിയെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പ്രതികരിച്ചു. ബുദ്ധദേബ് ബംഗാളിനെ പുതിയ നാടാക്കി രൂപീകരിച്ചുവെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. നിര്യാണത്തെ തുടർന്ന് എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തി കെട്ടി.
ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് മാതൃകാപരമായ നേതൃത്വം നൽകിയ നേതാവിനെയാണ് നഷ്ടമായതെന്ന് എ. വിജയരാഘവൻ പറഞ്ഞു. പൊതുജീവിതത്തിൽ ആർക്കും മാതൃകയാക്കാവുന്ന നേതാവ് കൂടിയാണ് ബുദ്ധദേബ് ഭട്ടാചാര്യയെന്നും അദ്ദേഹം അനുശോചിച്ചു. ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ബുദ്ധദേബ് എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കരാട്ട് അനുസ്മരിച്ചു.
ഇടതുപക്ഷത്തിന് നഷ്ടമായത് പരിചയസമ്പന്നനായ നേതാവിനെയാണെന്നും അദ്ദേഹത്തിൻ്റെ ആത്മവീര്യവും ഉത്സാഹവും യുവതലമുറയ്ക്ക് ആവേശം പകരുന്നതാണെന്നും സ്പീക്കർ എ.എൻ ഷംസീർ അനുസ്മരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവിസ്മരണീയനായ നേതാവാണ് ബുദ്ധദേബ് ഭട്ടാചാര്യയെന്നും എ. എൻ ഷംസീർ കൂട്ടിച്ചേർത്തു.