വീണ്ടുമെത്തി മഴമുന്നറിയിപ്പ്; ഡാമുകളുടെ ജലനിരപ്പ് പരമാവധിക്കടുത്ത്; ചാലക്കുടി നിവാസികൾ പ്രളയഭീഷണിയിൽ

മറ്റൊരു പ്രളയ സാധ്യത നിലനിൽക്കെ ദുരിതങ്ങളൊഴിവാക്കാൻ സർക്കാർ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ചാലക്കുടിക്കാരുടെ ആവശ്യം.
വീണ്ടുമെത്തി മഴമുന്നറിയിപ്പ്; ഡാമുകളുടെ ജലനിരപ്പ് പരമാവധിക്കടുത്ത്;  ചാലക്കുടി നിവാസികൾ പ്രളയഭീഷണിയിൽ
Published on

മഴക്കാലം ശക്തമാകുമെന്ന മുന്നറിയിപ്പ് വീണ്ടും എത്തിയതോടെ തൃശൂർ ചാലക്കുടി നിവാസികൾ പ്രളയഭീതിയിൽ. ചാലക്കുടി പുഴയുമായി നേരിട്ട് ബന്ധമുള്ള മുഴുവൻ ഡാമുകളുടെയും ജലനിരപ്പ് പരമാവധിയോട് അടുത്ത് എത്തിയതാണ് ആശങ്കയുടെ കാരണം. മറ്റൊരു പ്രളയ സാധ്യത നിലനിൽക്കെ ദുരിതങ്ങളൊഴിവാക്കാൻ സർക്കാർ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ചാലക്കുടിക്കാരുടെ ആവശ്യം.


ദിവസങ്ങൾക്ക് മുൻപ് പെയ്ത കനത്ത മഴയിൽ ചാലക്കുടി പുഴ പലയിടത്തുമായി കരകവിഞ്ഞൊഴുകിയിരുന്നു. എന്നാൽ 100 ൽ അധികം വീടുകളിൽ ചെറിയതോതിൽ വെള്ളം കയറിയതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളുണ്ടായിട്ടില്ല. പക്ഷെ ആഴ്ചകൾക്കിപ്പുറം പുഴയുമായി നേരിട്ട് ബന്ധമുള്ള മുഴുവൻ ഡാമുകളും പരമാവധി സംഭരണ ശേഷിയുടെ അടുത്തെത്തി. ഇതോടെയാണ് പ്രദേശവാസികൾ വീണ്ടും ആശങ്കയിലായിരിക്കുന്നത്.

പറമ്പിക്കുളം ആളിയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പറമ്പിക്കുളം , തമിഴ്നാട് ഷോളയാർ , കേരള ഷോളയാർ , തൂണക്കടവ് , പെരുവാരിപ്പള്ളം ഡാമുകളും, കേരള ഇലക്ട്രിസിറ്റി ബോർഡിന് കീഴിലുള്ള പെരിങ്ങൽകുത്ത് ഡാം എന്നിവയാണ് പുഴയിലേക്ക് നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നത്. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ പ്രധാന ഡാമുകൾ തുറക്കേണ്ടി വന്നാൽ ചാലക്കുടിക്ക് വീണ്ടും മറ്റൊരു പ്രളയത്തെ കൂടി നേരിടേണ്ടി വരും.

തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള നാല് ഡാമുകൾ കൂടി തുറന്നാൽ ചാലക്കുടി പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ സംഭരിക്കാൻ പെരിങ്ങൽകുത്ത് ഡാമിന് കഴിയാതാകും. പെരിങ്ങൽകുത്ത് തുറന്നാൽ നാല് മണിക്കൂറിനകം വിവിധ പ്രദേശങ്ങളിൽ വെള്ളം കയറും. ഇത്തരമൊരു സാഹചര്യം നിലനിൽക്കെ ഡാം മാനേജുമെൻ്റുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരുമായി ആലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കണമെന്ന ആവശ്യങ്ങളാണ് ഉയരുന്നത്.

ALSO READ: മനുഷ്യൻ നിസഹായനാവുമ്പോൾ ! രാജ്യത്തെ നടുക്കിയ ഏഴ് ദുരന്തങ്ങൾ

2018 ലെ മഹാപ്രളയത്തിൽ ചാലക്കുടി പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയപ്പോൾ ദുരിത കയത്തിലായത് രണ്ട് ലക്ഷത്തിലേറെ മനുഷ്യരാണ്. അൻപതിനായരത്തിലധികം വീടുകളിൽ വെള്ളം കയറി. നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തിയത് മാസങ്ങളോളം സമയമെടുത്താണ്. ആറ് വർഷം മുൻപ് ദുരിതം വിതച്ച അതേ ഓഗസ്റ്റ് മാസത്തിനൊപ്പം മഴ കനക്കുമെന്ന മുന്നറയിപ്പ് കൂടിയായപ്പോൾ ജനങ്ങളിൽ ആശങ്ക പടരുകയാണ്. പ്രളയ സാധ്യത നിലനിൽക്കെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് കേന്ദ്ര ജല കമ്മീഷനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സനീഷ് കുമാർ ജോസഫ് എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com