
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരിച്ചടിയായതോടെ കോൺഗ്രസിൽ ഒറ്റപ്പെട്ട് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണമെന്ന് രമേശ് ചെന്നിത്തലയും ,വയനാടിനുള്ള തുക വയനാടിന് നൽകണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അനുകൂല നിലപാടാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചത്.
ഇടതുപക്ഷത്തിൻ്റെ കയ്യിൽ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് പണം നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല. കോൺഗ്രസിന് പണം സ്വരൂപിക്കാൻ അതിൻ്റെതായ സംവിധാനമുണ്ട്. ഫണ്ടിൽ നിന്ന് കയ്യിട്ട് വാരില്ലെന്ന് ഉറപ്പ് പറയേണ്ടത് മുഖ്യമന്ത്രിയാണ്. പ്രളയസമയത്തെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് ബാധ്യതയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ പ്രതികരണം.
രമേശ് ചെന്നിത്തല ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണമായിട്ടാണ് കെ സുധാകരൻ അഭിപ്രായം പങ്കുവെച്ചത്. എന്നാൽ അധികം കഴിയാതെ സുധാകരനോട് വിയോജിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നു. ചെന്നിത്തലയും അഭിപ്രായം ആവർത്തിച്ചു. വയനാട് ദുരന്തത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണ്ട സമയമാണിത്. പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നുവെന്നും അതിൽ തെറ്റില്ലെന്നും ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു.
ചെന്നിത്തലയ്‌ക്കും സതീശനും പുറമെ കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനും യുഡിഎഫ് കൺവീനർ എം എം ഹസനും ഒരുമാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റക്കെട്ടായി നിന്ന് കണ്ണീരൊപ്പാൻ നോക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല വേണ്ടത് എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നിലപാട് വ്യക്തമാക്കി. ഇതോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെതിരെ പ്രസ്താവന നടത്തിയ കെ സുധാകരൻ പൂർണമായും ഒറ്റപ്പെട്ടു.