
ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി സേന നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് കവചമായി കരിങ്കല്‍ കല്ലുകള്‍ കൊണ്ട് ഗാബിയോണ്‍ കവചമൊരുക്കാൻ ആർമി. ആര്‍മിയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഗാബിയോണ്‍ മതിൽ നിര്‍മ്മിക്കുന്നത്. ഉരുക്കുപാലത്തിന്റെ നെടുംതൂണുകള്‍ക്ക് ചുറ്റിലും പാറക്കല്ലുകള്‍ നിരത്തി കമ്പിവലകളില്‍ പൊതിയുന്നതാണ് നിര്‍മ്മാണ രീതി. വെള്ളം ഉയര്‍ന്ന് കുത്തിയൊലിച്ചാലും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് ഇത് തടയും.
Read More: ചൂരൽമല ദുരന്തം: ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; സൗജന്യ താമസ സൗകര്യം ഒരുക്കുക സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി
ഇതിന് അകം ഭാഗത്തായി ജിയോ ടെക്സ്റ്റയില്‍ മാറ്റ് വിരിച്ച് പാലവും ഗാബിയോണ്‍ വാളുമായുള്ള ബന്ധം ഉറപ്പിക്കും. വലിയ ഒറ്റത്തൂണും ഇരുകരകളിലേക്കുളള സപ്പോര്‍ട്ടിങ് ആങ്കറുകളുമായാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചിട്ടുള്ളത്. മുണ്ടക്കൈയില്‍ നിന്നും ഒഴുകി വരുന്ന ചാലിയാർ പുഴയുടെ കുത്തൊഴുക്കുകളെ മറികടന്നാണ് ആര്‍മി ബെയ്‌ലിപ്പാലം ഒരുക്കിയത്. ശേഷം, ജില്ലാ ഭരണകൂടത്തിന് കൈമാറിയ പാലം ദുരന്തത്തില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ, അട്ടമല രക്ഷാ പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നിരുന്നു.
പാലത്തിന്റെ സുരക്ഷാ ചുമതല ആര്‍മിയും പോലീസും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. പാലത്തിന്റെ ദൈനംദിന സുരക്ഷാ നിരീക്ഷണവും അറ്റകുറ്റപണികളും ആര്‍മി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ മേല്‍നോട്ടത്തിനായി 23 അംഗ സേന ചൂരല്‍മലയിലുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയിലെ 15 തൊഴിലാളികളടക്കം 25 പേരാണ് ഇവിടെ ഗാബിയോണ്‍ വാള്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം നടത്തുന്നത്. കരിങ്കല്‍ ബോളര്‍ കവചം കനത്ത കുത്തൊഴുക്കിനെയും പ്രതിരോധിക്കാന്‍ കഴിയുന്നതാണ്.