
ചികിത്സയ്ക്ക് എത്തിയ ഏഴ് വയസുകാരൻ്റെ തുടയിൽ സിറിഞ്ച് സൂചി തുളച്ച്കയറി. കായംകുളം താലൂക്കാശുപത്രിയിൽ കഴിഞ്ഞമാസം 19നാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ബെഡിൽ കിടത്തിയപ്പോഴാണ് സൂചി കയറിയത്. ഇതോടെ കുട്ടിയ്ക്ക് 14 വർഷം എച്ച്ഐവി അടക്കമുള്ള പരിശോധനകൾ നടത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ കുടുംബം.
കടുത്ത പനിയെ തുടർന്നാണ് കായംകുളം ചിറക്കടവ് സ്വദേശിയായ ഏഴ് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ശരീര താപനില നിയന്ത്രിക്കാൻ സർപ്പോസിറ്റർ നൽകണമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
നേരത്തെ ഇഞ്ചക്ഷൻ സ്വീകരിച്ച രോഗിയുടെ സൂചി ബെഡിൽ നിന്നും എടുത്ത് കളയുന്നതിൽ ആശുപത്രി അധികൃതർ വരുത്തിയ വീഴ്‌ച മൂലം എച്ച്ഐവി അടക്കമുള്ള പരിശോധനകൾ ചെയ്യേണ്ടതായി വന്നു. സൂചി ഉപയോഗിച്ചത് ആർക്കെന്ന് അറിയാത്തത് കൊണ്ട് തുടർച്ചയായി 14 വർഷം രക്തം പരിശോധിക്കണമെന്നാണ് ഡോക്ടർ അറിയിച്ചത്.
എച്ച്ഐവി അടക്കമുള്ള പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം, ഒരു തവണ പരിശോധനകൾ പൂർത്തിയാകുമ്പോൾ ഇരുപതിനായിരം രൂപയോളമാണ് ചിലവ്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പണം ചിലവാകുന്നതിനപ്പുറം താൻ ജീവിച്ചിരിക്കുന്ന കാലമത്രയും അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രയാസം വളരെ വലുതാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പോലീസിനും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും നാളിതുവരെ ആരും കാര്യങ്ങൾ അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും പിതാവ് പറഞ്ഞു.