ഷെയ്ഖ് ഹസീന പുലർച്ചെ ലണ്ടനിലേക്ക് പോകുമെന്ന് സൂചന: വിമാനത്തിന് ഇന്ധനം നിറച്ച് നൽകി കേന്ദ്ര സർക്കാർ

ഷേഖ് ഹസീന ഇന്ത്യയിൽ എത്തിയതിനെ തുടർന്ന് ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യുവാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു
ഷെയ്ഖ് ഹസീന പുലർച്ചെ ലണ്ടനിലേക്ക് പോകുമെന്ന് സൂചന: വിമാനത്തിന് ഇന്ധനം നിറച്ച് നൽകി കേന്ദ്ര സർക്കാർ
Published on

ബംഗ്ലാദേശ് ആഭ്യന്തര കലാപത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന നാളെ പുലർച്ചെ 1.30 ഓടു കൂടി ലണ്ടനിലേക്ക് തിരിക്കുമെന്ന് സൂചന. ഷേഖ് ഹസീന ഇന്ത്യയിൽ എത്തിയതിനെ തുടർന്ന് ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യുവാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു. ബംഗ്ലാദേശിലെ സ്ഥിതിവിവരങ്ങളെക്കുറിച്ച് വിദേശ കാര്യ മന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹിൻഡൺ എയർ ഫോഴ്സ് ബേസിൽ വിമാനമിറങ്ങിയ ഷേഖ് ഹസീന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ആകാശത്തും വ്യോമസേനയുടെ വിമാനങ്ങൾ സുരക്ഷ നൽകി.
വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചർച്ച നടത്തി.

ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ലണ്ടനിലേക്ക് പോകാനായി കേന്ദ്ര സർക്കാർ ഇന്ധനം നിറച്ച് നൽകിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഘാലയ-ബംഗ്ലാദേശ് അതിർത്തിയിൽ രാത്രി സമയത്ത് 12 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേയും എയർ ഇന്ത്യയും ബംഗ്ലാദേശിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.

ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശിലെ ഭരണം സൈന്യം പിടിച്ചെടുത്തതോടെ ഷേയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിടുകയായിരുന്നു.

Also Read: പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് ജനക്കൂട്ടം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേനാ മേധാവി



Related Stories

No stories found.
News Malayalam 24x7
newsmalayalam.com