ആറ് വർഷം മുൻപുണ്ടായ ദുരന്തം; നടുക്കം മാറാതെ കുറാഞ്ചേരി നിവാസികൾ

ആറ് വർഷം മുൻപ് തൃശൂരിലെ കുറാഞ്ചേരിയിൽ ഇതേ ദിവസം ഉണ്ടായ ഉരുൾപ്പൊട്ടൽ കവർന്നെടുത്തത് 19 മനുഷ്യരുടെ ജീവനും പ്രതീക്ഷകളുമാണ്
ആറ് വർഷം മുൻപുണ്ടായ ദുരന്തം; നടുക്കം മാറാതെ കുറാഞ്ചേരി നിവാസികൾ
Published on

വയനാട് ദുരന്തത്തിന്റെ ഭീകരതയെ കുറിച്ച് കേരളം ചർച്ച ചെയ്യുമ്പോൾ സ്വന്തം നാട്ടിൽ സംഭവിച്ച മറ്റൊരു ദുരന്തത്തിന്റെ ഭീതിയിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല തൃശൂരിലെ കുറാഞ്ചേരി നിവാസികൾ. ആറ് വർഷം മുൻപ് ഇതേ ദിവസം ഉണ്ടായ ഉരുൾപ്പൊട്ടൽ കവർന്നെടുത്തത് 19 മനുഷ്യരുടെ ജീവനും പ്രതീക്ഷകളുമാണ്. മഹാപ്രളയ കാലത്തുണ്ടായ ദുരന്തം ബാക്കിവെച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ലെങ്കിലും അതിജീവനത്തിൻ്റെ പാതയിൽ മുന്നോട്ട് പോവുകയാണ് ഈ നാടും നാട്ടുകാരും.

2018 ഓഗസറ്റ് 16, പുലർച്ചെ 6 .20. മഴക്കെടുതികളിലും പ്രളയത്തിലും വിറങ്ങിലിച്ച് നിൽക്കുന്ന വടക്കാഞ്ചേരിയിലെ മനുഷ്യരെയാകെ സങ്കടക്കടലിലാക്കിയാണ് ആ മഹാദുരന്തം കടന്നു വന്നത്. കുറാഞ്ചേരിമലയിൽ നിന്നും പൊട്ടിയൊലിച്ചെത്തിയ ഉരുൾ കവർന്നെടുത്ത് 19 പേരുടെ ജീവൻ. ഒരു കിലോ മീറ്ററോളം നീളത്തിലുണ്ടായ മൺകൂനകൾക്ക് നടുവിലകപ്പെട്ടത് 10 വീടുകൾ. നാല് വീടുകൾ പൂർണമായും തകർന്നു. ദുരന്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് ചുരുക്കം ചില മനുഷ്യർ മാത്രം. 

ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ശേഷിക്കുന്ന കുടുംബങ്ങളത്രയും ഇന്ന് ഈ നാട് വിട്ടു പോയി. ഉരുൾ വന്ന് മൂടിയ പ്രദേശം ഇപ്പോൾ വിജനമാണ്. ചില വ്യാപരസ്ഥാപനങ്ങൾക്കപ്പുറം ഇവിടെ മറ്റൊന്നും ബാക്കിയില്ല. ആഴ്ചകൾക്ക് മുൻപ് കടന്ന് പോയ കനത്ത മഴക്കാലത്തും കുറാഞ്ചേരിയിൽ വീണ്ടും മലയിടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ മണ്ണിനെ കുറിച്ചുള്ള നാട്ടുകാരുടെ ഭീതി ഇനിയും വിട്ടൊഴിയാത്തത്. എങ്കിലും അതിജീവനത്തിൻ്റെ പാതയിലൂടെയാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് കുറാഞ്ചേരിക്കാർ പറയും. ദുന്തത്തിൻ്റെ ആറാം വാർഷികമായ ഇന്ന് കുറാഞ്ചേരിയിൽ മരണമടഞ്ഞവർക്കു വേണ്ടിയുള്ള അനുസ്മരണ പരിപാടി സംഘടിപ്പിക്കും. നാടൊരിക്കലും മറക്കാത്ത ആ നശിച്ച ദിവസത്തിൻ്റെ നടുക്കുന്ന ഓർമ്മകൾ അവർ വീണ്ടും ഒരിക്കൽക്കൂടി ഓർത്തെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com