കൊച്ചി: ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രം 'നാഗബന്ധം' റിലീസിനൊരുങ്ങുന്നു. വിരാട് കർണ നായകനാകുന്ന ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭിഷേക് നാമ ആണ് സിനിമയുടെ സംവിധാനം. റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ചു കൊണ്ടുള്ള ഗംഭീരമായ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ എഫക്ടുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. അണ്ടർവാട്ടർ ആക്ഷൻ സീക്വൻസുകളും കടലിലെ യുദ്ധമുറകളും സിനിമയുടെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുന്നത്.
വിരാട് കർണ ശക്തമായ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കി കഴിഞ്ഞു.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് 'നാഗബന്ധം'.
ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ.സി. പനവ്, സിഇഒ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്രവൺ, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ.