
സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ഇനി മുതൽ സിനിമാ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലായി ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുന്നതിനായി സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിലാണ് പരസ്യം നൽകുക.
2024-25 സാമ്പത്തിക വർഷത്തിൽ അന്തർസംസ്ഥാന പബ്ലിക് റിലേഷന്‍സ് പ്ലാന്‍ ഫണ്ടായി 22 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതിൽ നിന്നും 18,19,843 രൂപ മുടക്കി കേരളത്തിൻ്റെ സവിശേഷമായ നേട്ടങ്ങൾ, വികസന ക്ഷേമപ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവയെ അടിസ്ഥാനമാക്കി പരസ്യം നൽകാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
ഒന്നര മിനിറ്റുള്ള വീഡിയോ പരസ്യം, 100 തീയേറ്ററുകളില്‍ 28 ദിവസം വരെയാണ് പ്രദർശിപ്പിക്കുക. മലയാളികള്‍ കൂടുതലുണ്ടെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വകുപ്പിൻ്റെ എംപാനൽഡ് ഏജൻസികളും, സാറ്റലൈറ്റ് ലിങ്ക് മുഖാന്തിരം തിയേറ്ററുകളിൽ സിനിമാ പ്രദർശനം നടത്തുന്നതുമായ ക്യൂബ്, യു.എഫ്.ഒ എന്നീ ഏജൻസികൾ വഴി പദ്ധതി നടപ്പാക്കാനാണ് ഉത്തരവ്. അതേസമയം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, ലക്ഷങ്ങൾ മുടക്കി പരസ്യം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.