"കശ്മീരിൽ ഇന്ത്യ സഖ്യത്തിൻ്റേത് പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട്"; നാഷണൽ കോൺഫറൻസ് പ്രകടന പത്രികയെ വിമർശിച്ച് കെ. സുരേന്ദ്രന്‍

ജമ്മു കശ്മീരിൽ സ്വയംഭരണം വേണമെന്ന ആവശ്യം പാകിസ്ഥാന്‍റെയും തീവ്രവാദികളുടേതുമാണ്. ഇപ്പോൾ ആ ആവശ്യം നാഷണൽ കോൺഫറൻസ് മുന്നോട്ട് വെയ്ക്കുന്നതെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു
"കശ്മീരിൽ ഇന്ത്യ സഖ്യത്തിൻ്റേത് പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട്"; നാഷണൽ കോൺഫറൻസ് പ്രകടന പത്രികയെ വിമർശിച്ച് കെ. സുരേന്ദ്രന്‍
Published on

കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടന പത്രികയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യദ്രോഹത്തിന് കുട പിടിക്കുന്ന പത്രികയാണ് ഇതെന്നും സുരേന്ദ്രന്‍ വിമർശിച്ചു.

പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യ സഖ്യം കശ്മീരിൽ ഉയർത്തിപ്പിടിക്കുന്നത്. കശ്മീരിൽ ദേശീയപതാകയ്ക്ക് ബദൽ മറ്റൊരു പതാക കൊണ്ടുവരുമെന്നാണ് പത്രികയില്‍ പറയുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ജമ്മു കശ്മീരിൽ സമാധാനം തിരികെ കൊണ്ടുവരാനും തീവ്രവാദം അവസാനിപ്പിക്കാനും സാധിച്ചു. ജമ്മു കശ്മീരിൽ സ്വയംഭരണം വേണമെന്ന ആവശ്യം പാകിസ്ഥാന്‍റെയും തീവ്രവാദികളുടേതുമാണ്. ഇപ്പോൾ ആ ആവശ്യം നാഷണൽ കോൺഫറൻസാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.


ജമ്മു കശ്മീരിലെ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സംവരണം എടുത്തുകളയുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. കശ്മീരിലെ ശങ്കരാചാര്യ മലനിരകളുടെ പേര് ഇസ്ലാം പേരുകളാക്കി മാറ്റുമെന്നാണ് പറയുന്നത്. കശ്മീരിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടുകളാണ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ പ്രകടന പത്രികയിൽ കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രകടന പത്രികയില്‍ അഭിപ്രായം പറയാൻ സിപിഎമ്മും തയ്യാറാവണം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വസ്തുതയെ സിപിഎമ്മും കോൺഗ്രസ്സും വെല്ലുവിളിക്കുകയാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. വോട്ട് ബാങ്കിന് വേണ്ടി രാജ്യദ്രോഹ നിലപാട് സ്വീകരിക്കുകയാണ് സിപിഎമ്മും കോൺഗ്രസും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിൻ്റെയും ഇന്ത്യ സഖ്യത്തിൻ്റെയും പ്രഥമ പരിഗണനയെന്ന് രാഹുൽ ഗാന്ധി ജമ്മുവിലെ റാലിയിൽ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പിൽ നടക്കുക കോൺഗ്രസിൻ്റെയും ആർഎസ്എസിൻ്റെയും പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധമാണെന്നും രാഹുൽ പറഞ്ഞുവെച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ 18, 25 ഒക്ടോബർ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com