കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: നീതിക്കായി അര്‍ധരാത്രി തെരുവിലിറങ്ങി സ്ത്രീകൾ

കത്തിച്ച മെഴുകു തിരികളുമായി, നീതി തേടി ബംഗാളിലും മുംബൈയിലുമടക്കം ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: നീതിക്കായി അര്‍ധരാത്രി തെരുവിലിറങ്ങി സ്ത്രീകൾ
Published on

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരക്കണക്കിന് സ്ത്രീകള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് കത്തിച്ച മെഴുകു തിരികളുമായി, നീതി തേടി ബംഗാളിലും മുംബൈയിലുമടക്കം ഇന്ത്യയിലെ നിരവധി നഗരങ്ങളിലെ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

രാത്രികള്‍ വീണ്ടെടുക്കുക, ഇരയ്ക്ക് നീതി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സ്ത്രീകള്‍ മാര്‍ച്ച് നടത്തിയത്. രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായി 11.55 ഓടെയാണ് സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നിരവധി ജൂനിയര്‍ ഡോക്ടര്‍മാരും പ്രതിഷേധം നടത്തുന്നുണ്ട്. ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും തൊഴില്‍ സുരക്ഷിതത്വവും ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സംഭവം നടന്ന ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മകള്‍ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. തലയിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റതിന്റെ അടയാളങ്ങളുമുണ്ട്. ആക്രമണത്തിനിടയില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ മൂടിയിട്ടുണ്ടാകാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തി. ഇതെല്ലാം മകള്‍ ക്രൂരമായ അക്രമത്തിന് ഇരയായതിന്റെ തെളിവുകളാണെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

മകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടായിട്ടും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാത്തതിനെ മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. ജീവനക്കാര്‍ക്ക് മതിയായ ഒരുക്കുന്നതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും ഗുരുതരമായ വീഴ്ച്ചയുണ്ടായതായും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.

വനിതാ ഡോക്ടര്‍ ആദ്യം ആത്മഹത്യ ചെയ്തതെന്നായിരുന്നു കോളേജിന്റെ വാദം. എന്നാല്‍ പിന്നീട് കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com