
പാലക്കാട് പട്ടാമ്പി ടൗണിലെ ഗതാഗതക്കുരുക്കിനും പാർക്കിംഗ് പ്രശ്നത്തിനും പരിഹാരം കാണാൻ നടപടി. പട്ടാമ്പി നഗരത്തിൽ പാർക്കിങ്, നോ പാർക്കിങ് സ്ഥലങ്ങൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നിശ്ചയിച്ചു. രണ്ട് ദിവസത്തിനകം അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
ജനങ്ങളെയും വ്യാപാരികളെയും ഏറെ ദുരിതത്തിലാക്കുന്ന പട്ടാമ്പി നഗരത്തിലെ ഗതാഗത കുരുക്കിനും പാർക്കിങ് പ്രശ്നത്തിനും പരിഹാരം കാണുന്നതിനാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത്. പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗതാഗത കുരുക്കിന് കാരണമാകുന്ന അനധികൃത പാർക്കിനിങ്ങിന് പരിഹാരം കാണുന്നതിന് പാർക്കിങ്, നോ പാർക്കിങ് സ്ഥലങ്ങൾ നിശ്ചയിച്ചതായി നഗരസഭ ചെയർപേഴ്‌സൺ ഒ. ലക്ഷ്മിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ മാസം 18ന് ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളും നിർദേശങ്ങളും കമ്മിറ്റി ചർച്ച ചെയ്തു. റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നിശ്ചയിച്ച പാർക്കിങ്, നോ പാർക്കിങ് സ്ഥലങ്ങളിൽ രണ്ട് ദിവസത്തിനകം അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത പാർക്കിങ്ങിനെതിരെയുള്ള പൊലീസ് നടപടിയോട് ജനങ്ങൾ സഹകരിക്കണമെന്ന് വൈസ് ചെയർമാൻ ടി.പി. ഷാജി അഭ്യർഥിച്ചു.
പട്ടാമ്പി നഗരത്തിലെ ഗതാഗത കുരുക്കിനെതിരെയും, പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തുന്നതിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം വ്യാപാരികൾ കടയടച്ച് സമരം നടത്തിയിരുന്നു.