ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമ അനുമതി. 2134 കോടി രൂപ പദ്ധതി ചെലവ് വരുന്ന നാലുവരി തുരങ്കപാതയ്ക്ക് സംസ്ഥാന വിദഗ്‌ധസമിതി നേരെത്തെ അനുമതി നൽകിയിരുന്നു.
പിന്നാലെ പരിസ്ഥിതി ആഘാത വിലയിരുത്തലിനായി കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.
ഇതിനുപിന്നാലെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു.
മാർച്ച് മാസത്തിലാണ് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് വിദഗ്ധ സമിതി അനുമതി നൽകിയത്.
ടണല്‍ റോഡിന്റെ ഇരു ഭാഗത്തും കാലാവസ്ഥ സ്‌റ്റേഷനുകള്‍ സ്ഥാപിക്കണം. അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കണമെന്നും ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും പരിസ്ഥിതി ആഘാത സമിതി ആവശ്യപ്പെട്ടിരുന്നു.
നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ഫെബ്രുവരിയിലാണ് തുരങ്കപാതയ്ക്ക് സംസ്ഥാന സര്‍ക്കാരിൻ്റെ പുതുക്കിയ അന്തിമ ഭരണാനുമതി ലഭിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ 8.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയെന്ന വിശേഷണത്തിന് അർഹയാകും.