
രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇത്തവണ വികസിത് ഭാരത് എന്നതാണ് സ്വാതന്ത്ര്യദിനത്തിൻ്റെ പ്രമേയം. അതായത്, 2047ലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുമെന്ന സർക്കാരിൻ്റെ പ്രതിജ്ഞയിലൂന്നിയാണ് വികസിത് ഭാരത് എന്ന പ്രമേയം ജനനം കൊള്ളുന്നത്.
എന്നാൽ, എത്ര കണ്ട് കുതിച്ചു ചാടിയാലാണ് വികസിത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ നമ്മുടെ രാജ്യത്തിന് സാധിക്കുക? അടുത്തിടെ പുറത്തുവന്ന കണക്കുകളൊക്കെയും സൂചിപ്പിക്കുന്നത് രാജ്യം വികസനത്തിൽ പുറകോട്ടും, ആത്മീയതയിൽ മുന്നോട്ടുമാണെന്നാണ്. പട്ടിണി സൂചിക, സ്ത്രീ സുരക്ഷാ നിരക്ക്, തൊഴിലില്ലായ്മ നിരക്ക്, കുട്ടികളുടെ ആരോഗ്യം തുടങ്ങി ഓരോന്നിലും ഇന്ത്യ ബഹുദൂരം പിന്നിലാണ്. വെറുതെയല്ല, തെളിവുകൾ അക്കമിട്ട് നിരത്തുന്ന പഠനങ്ങൾ ഒരുപാടുണ്ട്.
- 2023ൽ പുറത്തുവന്ന ആഗോള പട്ടിണി സൂചിക പ്രകാരം 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 111-ാം സ്ഥാനത്താണ്. ഹങ്കർ ഇന്റക്സിൽ 28.7 എന്ന രാജ്യത്തിൻ്റെ സ്കോർ ഗൗരവതരമായ വിഷയമാണ്. 2022ലെ കണക്കുകൾ പ്രകാരം, 107-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്.
- രാജ്യത്ത് കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും ആഗോള പട്ടിണി സൂചികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരത്തിനനുസരിച്ച് ഭാരവും വണ്ണവുമില്ലാത്ത കുട്ടികളുടെ നിരക്കിൽ ഏറ്റവും ഉയർന്നുനിൽക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയിൽ 18.7 ശതമാനമാണ് ഈ നിരക്ക്. കുട്ടികളുടെ വളർച്ചാ മുരടിപ്പിൽ 16.6 ശതമാനം, അഞ്ചു വയസിന് താഴെയുള്ളവരുടെ മരണനിരക്കിൽ 3.1 ശതമാനം, 15 മുതൽ 24 വയസുകാരായ സ്ത്രീകളുടെ വിളർച്ചാ നിരക്കിൽ 58.1 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യയിൽ 43 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന് ‘പോഷൺ ട്രാക്കർ' പട്ടികയും വ്യക്തമാക്കുന്നു.
- പൊതുജന ആരോഗ്യമേഖലയിൽ 161 രാജ്യങ്ങളുടെ പട്ടികയില്‍ 123-ാം സ്ഥാനത്താണ് ഇന്ത്യ. ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നതിൽ 157-ാം സ്ഥാനത്തും. അതായത്, ഇന്ത്യക്ക് പിന്നിൽ വെറും നാല് രാജ്യങ്ങൾ മാത്രമാണുള്ളത്. കേരളം പോലെയുള്ള സംസ്ഥാനങ്ങൾ ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരികയും, ലോകോത്തര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുമ്പോഴും, മൊത്തത്തിലുള്ള കണക്ക് പരിശോധിക്കുമ്പോൾ രാജ്യം ആരോഗ്യമേഖലയിലും, അതിനായി ചെലവഴിക്കുന്ന തുകയിലും വളരെ പുറകിലാണ്.
- മാനവ വികസന സൂചികയിൽ 193 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 134-ാമതാണ്. ആയുർദൈർഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാനവശേഷി വികസന സൂചിക നിര്‍മിക്കുന്നത്. അയൽരാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും ഭൂട്ടാനുമൊക്കെ സൂചികയിൽ ഇന്ത്യക്ക് മുന്നിലാണ്.
- ലിംഗസമത്വത്തിലും ഇന്ത്യ വളരെ പുറകോട്ടാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് അസമത്വം വർധിക്കുകയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിംഗ സമത്വ സൂചികയിൽ 146 രാജ്യങ്ങളിൽ 129-ാം സ്ഥാനത്താണ് ഇന്ത്യ. തൊഴിൽ പങ്കാളിത്തത്തിൽ 146 രാജ്യങ്ങളിൽ 140-ാം സ്ഥാനത്തും. കടുത്ത ലിംഗവിവേചനവും അതിക്രമങ്ങളുമാണ് രാജ്യത്തെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
- കഴിഞ്ഞ പത്ത് വർഷത്തിനിടെ ദളിതര്‍ക്ക് നേരേയുള്ള അക്രമം 66 ശതമാനം വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നു. അധികാരികള്‍ക്കു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍ മാത്രമാണിത്. ഭരണകൂടങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും നിസഹകരണം കൊണ്ടാണ് ദളിതര്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടുന്നതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു.
- 180 രാജ്യങ്ങളുള്ള ആഗോള മാധ്യമ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 159 ആണ്. മോദി സർക്കാരിന് കീഴിൽ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം കൂപ്പുകുത്തുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- പാസ്പോർട്ടിൻ്റെ മൂല്യത്തിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിന്‍റെ കണക്ക് പ്രകാരം ഇന്ത്യയുടെ സ്ഥാനം 82 ആണ്.
ഷേക്സ്പിയറുടെ കിങ് ലിയർ എന്ന നാടകത്തിൽ ലിയർ കാഴ്ചാപരിമിതിയുള്ള ഗ്ലൗസെസ്റ്ററിനോട് പറയുന്ന ഒരു വാചകമുണ്ട്, "കാഴ്ചയില്ലെങ്കിലും ഒരാൾക്ക്, ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാനാകും" എന്ന്. എന്നാൽ, കാഴ്ച ഉണ്ടെങ്കിലും ചിലപ്പോൾ ഭരണകൂടത്തിന് രാജ്യത്തിൻ്റെ അവസ്ഥ കാണാൻ സാധിച്ചെന്നിരിക്കില്ല. കണ്ടാൽ തന്നെ ചിലപ്പോൾ ഒരു പച്ച പരവതാനി വിരിച്ച് അത് മറയ്ക്കാനും ശ്രമിക്കുമായിരിക്കാം.