വീഡിയോ കോളിലെത്തുന്ന സിബിഐ, പൊലീസ് പിന്നെ കസ്റ്റഡി; എന്താണ് ഡിജിറ്റൽ അറസ്റ്റ്?

സൈബർ തട്ടിപ്പിന് ഇരയായെന്ന ബിഷപ്പ് മാര്‍ കൂറിലോസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിർച്വല്‍ അറസ്റ്റ്, ഡിജിറ്റല്‍ അറസ്റ്റ് എന്നീ പ്രയോഗങ്ങൾ കേരളത്തിനും പരിചിതമാകുകയാണ്
വീഡിയോ കോളിലെത്തുന്ന സിബിഐ, പൊലീസ് പിന്നെ കസ്റ്റഡി; എന്താണ് ഡിജിറ്റൽ അറസ്റ്റ്?
Published on


നൈജീരിയന്‍ പ്രിൻസ് നിങ്ങളുടെ അക്കൗണ്ടിലേക്ക് കോടികൾ കൈമാറും. പക്ഷേ ആ പണം ലഭിക്കാൻ 10,000 രൂപ ആദ്യം അങ്ങോട്ട് അയക്കണം. ഇതുവരെ എടുത്തിട്ടില്ലാത്ത ലോട്ടറി അടിച്ചു. ഈ പണം ലഭിക്കണമെങ്കിൽ എടിഎം കാർഡിലെ സിവിവിയും ഒടിപിയും പറഞ്ഞുകൊടുക്കണം. നമ്മൾ പലപ്പോഴും വായിച്ചുതള്ളുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ ചിലർക്കെങ്കിലും വമ്പൻ വിനയായിട്ടുണ്ട്. അത്തരമൊരു സൈബർ തട്ടിപ്പാണ് കഴിഞ്ഞദിവസം ബിഷപ്പ് മാർ കൂറിലോസിനെയും കുരുക്കിയത് .

സിബിഐ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം തട്ടിയത് 15 ലക്ഷമാണ്. നരേഷ് ഗോയൽ കള്ളപ്പണ കേസില്‍ ബന്ധമാരോപിച്ചായിരുന്നു തട്ടിപ്പ്. പണം കൈമാറിയത് സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്കെന്നായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്. വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുക ഇവർക്ക് കൈമാറേണ്ടി വന്നു എന്നാണ് ബിഷപ്പിന്‍റെ വെളിപ്പെടുത്തല്‍. രണ്ടുദിവസം വിർച്വല്‍ കസ്റ്റഡിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്മർദത്തിലാക്കിയാണ് ഇവർ ഈ പണം തട്ടിയത്.


സൈബർ തട്ടിപ്പിന് ഇരയായെന്ന ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിർച്വല്‍ അറസ്റ്റ്, ഡിജിറ്റല്‍ അറസ്റ്റ് എന്നീ പ്രയോഗങ്ങൾ കേരളത്തിൽ സജീവമായിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകൾ, പ്രത്യേകിച്ച് ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ച് കേട്ടുപഴകിയതാണെങ്കിലും, ഇത്തരമൊരു കുരുക്ക് മലയാളികൾക്ക് അപരിചിതമായിരുന്നു.

എന്താണ് ഈ വിർച്വല്‍ അറസ്റ്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ അറസ്റ്റ്?

പെട്ടെന്ന് നിങ്ങളുടെ ഫോണിലേക്കൊരു കോൾ വരുന്നു. അപ്പുറത്തുള്ള ആള്‍ പൊലീസ്, സിബിഐ, എൻഐഎ, ഇഡി, എയർപോർട്ട് ഉദ്യോഗസ്ഥൻ എന്നിങ്ങനെയൊക്കെ പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തുക. പിന്നാലെ നടന്നിട്ടുപോലുമില്ലാത്ത വലിയ സാമ്പത്തിക തട്ടിപ്പിന്‍റെ കഥയിറക്കുന്നു. അല്ലെങ്കില്‍ നിങ്ങളുടെ പേരില്‍ കള്ളക്കടത്ത് വസ്തുക്കൾ, മയക്കുമരുന്ന് എന്നിവ എത്തിയിട്ടുണ്ടെന്ന് ആരോപിക്കുന്നു. പേടിക്കേണ്ട, ഇത് കേസാകുന്നതിന് മുന്‍പ് തന്നെ ഒത്തുതീർപ്പാക്കാമെന്നും പറയുന്നു.

ഇക്കാര്യം സംസാരിക്കാന്‍ സ്കെെപ്പോ മ്യൂളോ പോലുള്ള ഏതെങ്കിലും വീഡിയോ ചാറ്റ് സംവിധാനമായിരിക്കും ഉപയോഗിക്കുക. മറുപുറത്തുള്ളയാള്ളുടെ ആധികാരികത തെളിയിക്കാന്‍ ഐഡികാർഡും ഫുള്‍ യൂണിഫോമും ഓഫീസും വരെ തയ്യാറായിരിക്കും. ഇതിനായി എഐ സാങ്കേതിക വിദ്യയെ വരെ ഇവർ ഉപയോഗിക്കാറുണ്ട്. ഇവരെ വിശ്വസിച്ച് നിങ്ങൾ ഭയപ്പെടുന്നതോടെ തട്ടിപ്പുകാർ വിജയിച്ചുകഴിഞ്ഞു. പണം നല്‍കുന്നത് വരെ ആ ചാറ്റ് വിട്ടുപോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. ഇതാണ് വിർച്വല്‍ അറസ്റ്റ്.

ഈ സമയം മറ്റൊരാളുമായും നിങ്ങള്‍ ബന്ധപ്പെടുന്നില്ല എന്ന കാര്യം ഇവർ ഉറപ്പിക്കും. ചാറ്റ് വിട്ടുപോകാന്‍ ശ്രമിച്ചാല്‍ എല്ലാവിവരങ്ങളും പുറത്താകും, കേസില്‍പ്പെടുത്തും എന്നൊക്കെയായിരിക്കും ഭീഷണി. ഇതിനിടെ നിങ്ങള്‍ അറസ്റ്റിലായെന്നും അപകടത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ തന്നെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ച് മോചനത്തിന് പണം നല്‍കണമെന്നും ഇവർ ആവശ്യപ്പെടും.

സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുപോലെതന്നെ സമ്മർദത്തിലൂടെ ഇരയെ കെണിയിൽപെടുത്തുന്ന രീതി തന്നെയാണ് ഇതും. 1000 ത്തിലധികം സ്കെെപ്പ് ഐഡികള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ മെക്രോസോഫ്റ്റുമായി ചേർന്ന് ഇത്തരം വ്യാജ ഐഡികൾക്ക് ബ്ലോക്ക് ഏർപ്പെടുത്തിയിരുന്നു. സാധാരണ ഇത്തരം തട്ടിപ്പിനിരയാകുന്നവർ, തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് പരാതിപ്പെടാന്‍ തന്നെ മടിക്കുന്നതാണ് പല സംഭവങ്ങളും പുറംലോകമറിയാത്തതിന് കാരണം.

കൈക്കലാക്കുന്നത് ലക്ഷങ്ങളും കോടികളും!

അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ റാക്കറ്റുകളാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകാർ കെെക്കലാക്കുന്നത് നിസാര തുകയല്ല. നോയിഡയിലെ പ്രമുഖ ഡോക്ടറായ പൂജാ ഗോയലില്‍ നിന്ന് 60 ലക്ഷവും, ഡല്‍ഹിയിലെ ഒരു വൃദ്ധയില്‍ നിന്ന് 83 ലക്ഷവുമാണ് അടുത്തിടെ സമാനരീതിയിൽ കെെക്കലാക്കിയത്. സാധാരണക്കാർ മാത്രമല്ല ഇവരുടെ ഇരകള്‍. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാണെന്ന് പറഞ്ഞായിരുന്നു ജൂലെെയില്‍ ഉത്തർപ്രദേശിലെ പ്രമുഖ കവി നരേഷ് സക്‌സേനയെ സിബിഐ ഓഫീസർമാരായി വേഷമിട്ട ഒരു കൂട്ടം തട്ടിപ്പുകാർ കബളിപ്പിച്ചത്. ആറുമണിക്കൂറോളം ഡിജിറ്റല്‍ തടങ്കലില്‍വെച്ച് നരേഷ് സക്‌സേനയെക്കൊണ്ട് ഇവർ കവിത ചൊല്ലിക്കുക വരെ ചെയ്തു. ബന്ധുക്കള്‍ ഇടപ്പെട്ടതോടെയാണ് പണം തട്ടുകയെന്ന ലക്ഷ്യം പൊളിഞ്ഞത്.

പരിഹാരം എന്ത്?

അജ്ഞാത നമ്പറുകളിൽ നിന്നോ നിയമപാലകരോ സർക്കാർ ഉദ്യോഗസ്ഥരോ ആണെന്ന് അവകാശപ്പെടുന്നവരില്‍ നിന്നോ ഉള്ള ഫോണ്‍ കോളുകളും സന്ദേശങ്ങളും ജാഗ്രതയോടെ കെെകാര്യം ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ആധികാരികമെന്ന് സ്ഥിരീകരിക്കാതെ ആരുമായും വ്യക്തിവിവരങ്ങളും സാമ്പത്തിക രേഖകളും പങ്കിടരുത്. അറസ്റ്റടക്കം നിയമനടപടികള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാലും പരിഭ്രാന്തരാകാതെ കെെകാര്യം ചെയ്യണം. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ അധികാരികളെ ഉടൻ അറിയിക്കുകയും വേണം. ഇത്തരം വിഷയങ്ങൾ സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയോ ഹെൽപ്പ് ലൈൻ നമ്പറായ - 1930 ല്‍ വിളിച്ചറിയിക്കുകയോ ചെയ്യുക. തട്ടിപ്പിനിരയായാലും ബിഷപ്പ് പറഞ്ഞതുപോലെ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും നിങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടില്ലെന്നുമുള്ള വിശ്വാസത്തോടെ നിയമനപടികളിലേക്ക് കടക്കാനും സന്നദ്ധരാകുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com