
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടറായ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്
രാജി വെച്ച പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് പുനർനിയമനം. സന്ദീപ് ഘോഷിനെ കൊൽക്കത്ത മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായാണ് നിയമിച്ചത്. സ്ഥാപനത്തിൻ്റെ ചുമതല വഹിച്ചിരുന്ന അജയ് കുമാർ റേയെ ആരോഗ്യ മന്ത്രാലയത്തിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.
കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടറായ യുവതി അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്.സംഭവത്തെ തുടർന്ന് കൊൽക്കത്തയിലെ വിവിധ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ നീതി ആവശ്യപ്പെട്ട് സമരത്തിലാണ്.
യുവതി കൊല്ലപ്പെട്ടതിന് ശേഷം പ്രിൻസിപ്പൽ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായത്. യുവതി എന്തിനാണ് ഒറ്റയ്ക്ക്
സെമിനാർ ഹാളിലേക്ക് പോയത് എന്നായിരുന്നു പ്രിൻസിപ്പളിൻ്റെ ചോദ്യം. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പൽ രാജി വെക്കുകയായിരുന്നു.
താൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാവുകയാണ് . എന്നേയും കുടുംബത്തേയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാജി.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗം ട്രെയിനിയായ വനിതാ ഡോക്ടറാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സിവിക് വൊളൻ്റിയറായ സഞ്ജൊയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.