

വാഷിങ്ടൺ: യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ് വീണ്ടും കുരുക്കിൽ. മെഗാസ്പീഡ് ഇൻ്റർനാഷണൽ എന്ന സ്ഥാപനത്തിലെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് എൻവിഡിയയിലെ ഉന്നത ഉദ്യോഗസ്ഥയുമായും ഹുവാങ് ബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
രണ്ടു സ്ത്രീകളുമായി ഹുവാങ് പുലര്‍ത്തിയ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എൻവിഡിയയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡൻ്റ് കിംബർലി പവലുമായുള്ള ബന്ധമാണ് പുറത്ത് വന്നിട്ടുള്ളത്.
2026 മാർച്ചിൽ കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന എൻവിഡിയയുടെ വാർഷിക കോൺഫറൻസിനിടെ ഹോട്ടലിൽ വച്ച് ഇരുവരും അടുത്ത് ഇടപഴകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള വ്യക്തിബന്ധങ്ങൾക്ക് എൻവിഡിയയുടെ പെരുമാറ്റച്ചട്ടത്തിൽ വിലക്കുണ്ട്. ഈ നിയമം മറികടന്നുള്ള ഇവരുടെ ബന്ധം ഡയറക്ടർ ബോർഡിൽ ചർച്ചയായിട്ടുണ്ട്.
ആരാണ് കിംബർലി പവൽ?
2008-ലാണ് 48-കാരിയായ കിംബർലി പവൽ എൻവിഡിയയിൽ ചേർന്നത്. മെഡിക്കൽ ഇമേജിങ് ഉപകരണങ്ങൾക്കായി എൻവിഡിയ ജിപിയു പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുക എന്നതായിരുന്നു അവരുടെ ആദ്യകാല ഉത്തരവാദിത്തം. 2016-ൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബിസിനസ് ഡെവലപ്‌മെൻ്റ് സീനിയർ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 2017 അവസാനത്തോടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡൻ്റായി നിയമിതയായി. എൻവിഡിയയിൽ എത്തുന്നതിന് മുമ്പ് പ്ലാനാർ സിസ്റ്റംസിൽ ഹാർഡ്‌വെയർ എഞ്ചിനീയറിങ്, പ്രൊഡക്ട് മാനേജ്‌മെൻ്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
രണ്ടു സ്ത്രീകളുമായി ജെൻസൻ ഹുവാങിൻ്റെ വഴിവിട്ട ബന്ധം സാമ്പത്തിക ലോകത്ത് വലിയ ചര്‍ച്ചകൾക്കാണ് തിരിതെളിച്ചിരിക്കുന്നത്. ഹുവാങ്ങിൻ്റെ ഭാവി തീരുമാനിക്കുന്നതിനായി ബുധനാഴ്ച തന്നെ കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുമെന്നാണ് വിവരം. എഐ സാങ്കേതികവിദ്യാ രംഗത്ത് ആഗോളതലത്തില്‍ ഒന്നാമതായി നില്‍ക്കുന്ന കമ്പനിക്ക് ഈ വാര്‍ത്ത വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഹുവാങ് തന്നെയാണ് കമ്പനിയുടെ അമരത്ത് തുടര്‍ന്നുപോന്നിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള വിടവാങ്ങല്‍ കമ്പനിയില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.