ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് തുറന്ന കത്തുമായി ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച്. പുതുവത്സാരംശസകൾ പങ്കുവച്ചുകൊണ്ടാണ് മിർ യാർ ബലൂചിൻ്റെ കത്ത്. ചൈന-പാകിസ്ഥാൻ സഖ്യം കൂടുതൽ ശക്തമാകുന്നതിനെക്കുറിച്ച് ആശങ്കയും കത്തിൽ മിർ യാർ പ്രകടിപ്പിച്ചു. ഇതിനൊപ്പം ഓപ്പറേഷൻ സിന്ദൂരിറിനെ പ്രശംസിക്കുന്നുമുണ്ട്.
"ബലൂചിസ്ഥാൻ റിപ്പബ്ലിക്കിലെ ആറ് കോടി ദേശസ്നേഹികളായ പൗരന്മാരുടെ പേരിൽ, ഇന്ത്യയിലെ നൂറ്റിനാല്പത് കോടി ജനങ്ങൾക്കും, പാർലമെന്റിന്റെ ഇരുസഭകൾക്കും, മാധ്യമങ്ങൾക്കും, എല്ലാ ബഹുമാന്യ വ്യക്തികൾക്കും പുതുവത്സരാശംസകൾ നേരുന്നു. നൂറ്റാണ്ടുകളായി ഭാരതത്തെയും ബലൂചിസ്ഥാനെയും ബന്ധിപ്പിച്ചിരിക്കുന്ന ആഴത്തിലുള്ള ചരിത്ര, സാംസ്കാരിക, വാണിജ്യ, സാമ്പത്തിക, നയതന്ത്ര, പ്രതിരോധ, ബഹുമുഖ ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാനും ആഘോഷിക്കാനും ഈ ശുഭകരമായ അവസരം ഒരുക്കുന്നു," കത്തിൽ മിർ യാർ ബലൂച് എഴുതി.
എസ്. ജയശങ്കറിന് എഴുതിയ തുറന്ന കത്തിൽ, ബലൂചിസ്ഥാൻ പതിറ്റാണ്ടുകളായി പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള അടിച്ചമർത്തലുകൾ നേരിടുന്നുണ്ടെന്നും, അതിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമവും മനുഷ്യാവകാശ ലംഘനവും ഉൾപ്പെടുന്നുണ്ടെന്നും പറയുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ പാക് പിന്തുണയുള്ള തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂരിറിനെ കത്തിൽ പ്രശംസിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച ധീരവും ദൃഢവുമായ നടപടിക്രമങ്ങളെ ബലൂച് നേതാവ് അഭിനന്ദിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ചൈന പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിൽ തങ്ങളുടെ സൈനികരെ വിന്യസിച്ചേക്കുമെന്നാണ് കത്തിൽ അവകാശപ്പെടുന്നത്."ബലൂചിസ്ഥാനിലെ പ്രതിരോധ, സ്വാതന്ത്ര്യ സേനകളുടെ കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്തിയില്ലെങ്കിൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ചൈനയ്ക്ക് ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിക്കാൻ കഴിയും. ചൈനീസ് ബൂട്ടുകളുടെ സാന്നിധ്യം ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും ഭാവിക്ക് സങ്കൽപ്പിക്കാനാവാത്ത ഭീഷണിയും വെല്ലുവിളിയും ഉയർത്തും," കത്തിൽ പറയുന്നു.