

കീവ്: യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നാല് ഇന്ത്യക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിലെ രണ്ട് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ട് പേർ സുരക്ഷിതർ. പ്രദേശത്തെ സ്ഥിതിഗതികൾ എംബസി നിരീക്ഷിച്ചു വരികയാണ്.
യുക്രെയ്നിലെ ഒഡേസ തുറമുഖത്തുവെച്ച് ശനിയാഴ്ചയാണ് എംവി എജിഎൻ രാഗ്നർ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവസമയത്ത് നാല് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നെന്ന കാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അധികൃതരുമായി ഇടപെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പ്രധാന തുറമുഖമായ ഒഡേസയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പതിവാണ്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രെയ്നിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.