
റഷ്യ-യുക്രെയ്ന്‍ രണ്ടാം ഘട്ട സമാധാന ചർച്ചയിലും വെടിനിർത്തല്‍ സംബന്ധിച്ച് ധാരണയായില്ല. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറാൻ ഇരുരാജ്യങ്ങളും ധാരണയായി. കൈമാറ്റ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. എന്നാല്‍, നിരുപാധിക വെടിനിർത്തല്‍ എന്ന യുക്രെയ്‌ന്റെ ആവശ്യം റഷ്യ വീണ്ടും നിഷേധിച്ചു.
റഷ്യന്‍ സൈനിക താവളങ്ങളില്‍ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയാണ് തുർക്കിയിലെ ഇസ്താംബുളിൽ രണ്ടാം ഘട്ട റഷ്യ-യുക്രെയ്ന്‍ സമാധാന ചർച്ചകള്‍ നടന്നത്. ഒരു മണിക്കൂർ മാത്രം നീണ്ട ചർച്ച, വെടിനിർത്തലില്‍ ധാരണയില്ലാതെ പിരിഞ്ഞു. 25 വയസില്‍ താഴെ പ്രായമുള്ളവരും ഗുരുതരമായി പരിക്കേറ്റവരുമായ കൂടുതൽ യുദ്ധത്തടവുകാരെ കൈമാറാനും, മരിച്ച 12,000 സൈനികരുടെ മൃതദേഹങ്ങൾ കൈമാറാനും മാത്രമാണ് ചർച്ചയില്‍ തീരുമാനമായത്. മെയ് 16ന് നടന്ന ആദ്യ റൗണ്ട് ചർച്ചയ്ക്ക് ശേഷം 1,000 യുദ്ധത്തടവുകാരെ ഇരുപക്ഷവും കൈമാറിയിരുന്നു.
30 ദിവസത്തെ സമ്പൂർണ വെടിനിർത്തല്‍ എന്ന ആവശ്യം യുക്രെയ്ന്‍ വീണ്ടും മുന്നോട്ടുവെച്ചെങ്കിലും, തടവുകാരെ കൈമാറുന്ന കാലയളവില്‍ യുദ്ധമുഖത്തെ ചില പ്രദേശങ്ങളില്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തെ പ്രത്യേക വെടിനിർത്തല്‍ നിർദേശിച്ചതായി റഷ്യൻ പ്രതിനിധി സംഘത്തിന്‍റെ തലവൻ വ്‌ളാഡിമിർ മെഡിൻസ്‌കി അറിയിച്ചു.
ഇന്‍റർഫാക്സ് എന്ന റഷ്യന്‍ വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം, 2014ൽ പിടിച്ചെടുത്ത തെക്കൻ ക്രിമിയ, 2022നുശേഷം പിടിച്ചെടുത്ത ഡൊണെട്സ്ക്, ലുഹാൻസ്ക്, കെർസൺ, സപോരിജിയ എന്നിങ്ങനെ റഷ്യയുടെ നിയന്ത്രണത്തിലുള്ള അധിനിവേശഭൂമിക്ക് അന്താരാഷ്ട്ര അംഗീകാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് റഷ്യ വെടിനിർത്തലിനായി മുന്നോട്ടുവയ്ക്കുന്നത്.
യുക്രെയ്‌ന്റെ 20 ശതമാനം വരുന്ന പ്രദേശത്ത് നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും റഷ്യ വ്യക്തമാക്കിയതാണ് റിപ്പോർട്ടുകള്‍. നാറ്റോ ഉള്‍പ്പടെ ഒരു സൈനിക സഖ്യത്തിലും യുക്രെയ്ന് അംഗത്വം നല്‍കരുത്. യുക്രൈൻ സൈന്യത്തിന്റെ പുനർവിന്യാസം അനുവദിക്കരുത്. വിദേശ- സൈനിക- ഇന്റലിജൻസ് സഹായങ്ങള്‍ നിർത്തലാക്കണം. 100 ദിവസത്തിനുള്ളിൽ യുക്രെയ്നിലെ പട്ടാളനിയമം പിന്‍വലിച്ച് പ്രസിഡന്‍റ് - പാർലമെന്‍ററി തെരഞ്ഞെടുപ്പുകള്‍ നടത്തണം. ഔദ്യോഗിക ഭാഷയായി റഷ്യൻ ഉപയോഗിക്കുക, റഷ്യയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയാണ് മറ്റാവശ്യങ്ങള്‍.