വെനസ്വേലയിലെ യുഎസ് ആക്രമണം സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇരുവരെയും രാജ്യത്തിന് പുറത്ത് എത്തിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അവകാശവാദം ഉന്നയിച്ചു.
തലസ്ഥാനമായ കാരക്കാസ് അടക്കം ഏഴിടങ്ങളിൽ ആണ് ഇന്ന് വൻ സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണത്തിന് ഉത്തരവിട്ടത് ട്രംപാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. യുഎസ് ആർമി ഹെലികോപ്റ്ററുകളായിരുന്നു ആക്രമണം നടത്തിയത്.
"വെനസ്വേലയ്ക്കും, പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും എതിരെ വൻതോതിലുള്ള ആക്രമണം യുഎസ് വിജയകരമായി നടത്തി. മഡൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പിടികൂടി രാജ്യത്ത് നിന്ന് പുറത്താക്കി. യുഎസ് നിയമപാലകരുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഫോർട്ട് ടിയുന സൈനിക താവളത്തിനും ലാ കാർലോട്ട വ്യോമതാവളത്തിനും സമീപത്ത് സ്ഫോടനം നടന്നിട്ടുണ്ട്. ഏഴിടങ്ങളിൽ സ്ഫോടനം നടന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കരയാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആക്രമണം.
വെനസ്വേലയുടെ എണ്ണ, ധാതു വിഭവങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണമാണിതെന്നാണ് സൂചന. അമേരിക്കയുടെ പദ്ധതി വിജയിക്കില്ലെന്നും വെനസ്വേല പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.