അന്റാലിയ: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച രൂക്ഷമായ ഭിന്നതയെത്തുടർന്ന് തുർക്കിയിലെ അന്റാലിയയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP31 കാലാവസ്ഥാ ഉച്ചകോടി അന്തിമ കരാറിലെത്താനാകാതെ തകർന്നു. രണ്ടാഴ്ച നീണ്ട ചർച്ചകൾക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് 44 മണിക്കൂറിലധികം നീണ്ട മാരത്തൺ ചർച്ചകൾക്കുമൊടുവിൽ ഞായറാഴ്ചയാണ് ഉച്ചകോടി കരാറില്ലാതെ അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യു.എൻ കാലാവസ്ഥാ ഉച്ചകോടിയായി മാറിയ അന്റാലിയ സമ്മേളനത്തിൽ 2000-ലെ ഹേഗ് ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഒരു പൊതു രാഷ്ട്രീയ കരാർ പോലും അംഗീകരിക്കാനാകാതെ പിരിയുന്നത്.
ഉച്ചകോടിയുടെ അന്തിമ കരട് രേഖയിൽ കൽക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് വ്യക്തമായ പരാമർശം ഒഴിവാക്കിയതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ പ്രധാന കാരണമായത്. സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഫോസിൽ ഇന്ധന വിരുദ്ധ പരാമർശങ്ങൾ തടയാൻ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും, ഉച്ചകോടിയെ എണ്ണരാജ്യങ്ങൾ 'ഹൈജാക്ക്' ചെയ്തെന്നും യൂറോപ്യൻ യൂണിയൻ, നോർവേ, പനാമ, ചെറു ദ്വീപ് രാഷ്ട്രങ്ങൾ എന്നിവർ ആരോപിച്ചു.
അന്തിമ കരട് രേഖ പുറത്തുവന്നപ്പോൾ, "ഞങ്ങൾ സൗദികളുമായാണ് ചർച്ച നടത്തുന്നതെന്ന് തോന്നുന്നു" എന്ന് തുവാലു കാലാവസ്ഥാ മന്ത്രി മൈന താലിയ പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കരട് രേഖയിൽ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് മിണ്ടാൻ പോലും കഴിയാത്ത സാഹചര്യം എണ്ണരാജ്യങ്ങൾക്ക് ഉച്ചകോടിയിൽ അമിത സ്വാധീനം ലഭിച്ചതിന്റെ തെളിവാണെന്ന് ഡെന്മാർക്ക് കാലാവസ്ഥാ മന്ത്രി സമീറ നവയും വിമർശിച്ചു. ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കുന്നതിന് പകരം 'കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ്'സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകണമെന്നായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണരാജ്യങ്ങളുടെ നിലപാട്.
എന്നാൽ ഇത് ഫോസിൽ ഇന്ധന ഉപയോഗം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രം മാത്രമാണെന്ന് പരിസ്ഥിതി പ്രവർത്തകരും വികസിത ദ്വീപ് രാഷ്ട്രങ്ങളും കുറ്റപ്പെടുത്തി. അതേസമയം, ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട എല്ലാ കാലാവസ്ഥാ പരിഹാര മാർഗ്ഗങ്ങളും ചർച്ചയിൽ തുടരണമെന്നും തങ്ങളുടെ നിലപാട് 'ഗ്രീൻവാഷിംഗ്' അല്ലെന്നും സൗദി പ്രതിനിധി സംഘം വ്യക്തമാക്കി. തുർക്കിയും ഓസ്‌ട്രേലിയയും സംയുക്തമായി അധ്യക്ഷത വഹിച്ച ഉച്ചകോടിയിൽ, മുൻകാല ദുബായ് ഉച്ചകോടിയിലെ ഫോസിൽ ഇന്ധന വിരുദ്ധ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്ന കരട് അംഗീകരിക്കാനാവില്ലെന്ന് കണ്ട് സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ഫോസിൽ ഇന്ധന തർക്കത്തിന് പുറമെ വികസ്വര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ ധനസഹായത്തിന്റെ കാര്യത്തിലും സമവായമുണ്ടായില്ല. 2035-ഓടെ അഡാപ്റ്റേഷൻ ഫണ്ടിംഗ് 120 ബില്യൺ ഡോളറായി മൂന്നിരട്ടി വർദ്ധിപ്പിക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യത്തിന്, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ അമേരിക്കയുടെ അഭാവവും യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക നിയന്ത്രണങ്ങളും തിരിച്ചടിയായി എന്നാണ് റിപ്പോര്‍ട്ട്. ഉച്ചകോടി കരാറില്ലാതെ അവസാനിച്ചത് തീർത്തും നിരാശാജനകമായ തിരിച്ചടിയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. തീയിലേക്ക് എണ്ണ ഒഴിച്ചുകൊണ്ട് നമുക്ക് തീ അണയ്ക്കാൻ കഴിയില്ല എന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിൽ ഒരു അവ്യക്തതയുമില്ലെന്നും വ്യക്തമാക്കി. അന്റാലിയയിൽ പരിഹരിക്കപ്പെടാതെ പോയ വിഷയങ്ങൾ 2027 നവംബറിൽ എത്യോപ്യയിലെ ആഡിസ് അബാബയിൽ നടക്കുന്ന COP32 ഉച്ചകോടിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.