

ഫ്രാൻസിൽ മുപ്പത് രോഗികൾക്ക് വിഷം കൊടുത്ത കേസിൽ കുറ്റാരോപിതനായ അനസ്തെറ്റിസ്റ്റ്, ഫ്രെഡറിക് പെച്ചിയറിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 4 മാസത്തെ വിചാരണയ്ക്കൊടുവിലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇയാൾ വിഷം നൽകിയ 12 രോഗികൾ കൊല്ലപ്പെട്ടിരുന്നു.2008 നും 2017 നും ഇടയിൽ രോഗികളിൽ ചിലർക്ക് അസ്വാഭാവികമായി ഹൃദയാഘാതം സംഭവിച്ചതോടെയാണ് ക്രൂരകൃത്യത്തിൻ്റെ ചുരുളഴിയുന്നത്. സഹപ്രവർത്തകരോട് ഫ്രെഡറികിനുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ഈ പ്രവൃത്തിക്ക് ഇയാളെ പ്രേരിപ്പിച്ചത്.
ഇയാളുടെ ഇരകളിൽ 4 വയസുള്ള കുട്ടി മുതൽ 89 വയസു വരെയുള്ള വയോധികൻ വരെ ഉൾപ്പെട്ടിട്ടുണ്ട്. രോഗികളുടെ ഇൻഫ്യൂഷൻ ബാഗിൽ വിഷം കുത്തിവെക്കുന്നതോടെ ഇവർക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ഇയാൾ രക്ഷകനായി അവതരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ ഇയാൾക്ക് ഇടപെടാൻ കഴിയാതിരുന്നതോടെ 12 പേരോളം മരണത്തിനിരയായി.
2017ൽ ഇത്തരത്തിൽ ഹൃദയാഘാതമുണ്ടായ സ്ത്രീയുടെ ഇൻഫ്യൂഷൻ ബാഗിൽ പൊട്ടാസ്യം ക്ലോറൈഡ് കണ്ടെത്തിയതോടെയാണ് കുറ്റകൃത്യത്തിൻ്റെ ചുരുളഴിയുന്നത്. അന്വേഷണത്തിൻ്റെ മുന ഫ്രെഡറിലേക്ക് നീണ്ടതോടെ ഇയാളെ ആശുപത്രിയിൽ നിന്നും വിലക്കി. ഇതോടെ ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ സംഭവിക്കാതെയായി. ഫ്രെഡറിക് കുറ്റം നിഷേധിച്ചുവെങ്കിലും തെളിവുകൾ ശക്തമായതോടെ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.