

ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം അടച്ചു പൂട്ടിയതിന് പിന്നാലെ ബംഗ്ലാദേശിലെ മറ്റു രണ്ടു കേന്ദ്രങ്ങൾ കൂടി അടച്ചുപൂട്ടി ഇന്ത്യ. സുരക്ഷാ ഭീഷണി ആശങ്കയെത്തുടർന്നാണ് അടച്ചൂപൂട്ടൽ. ഒരു കൂട്ടം തീവ്ര ഇസ്ലാമിസ്റ്റുകൾ ഇന്ത്യൻ ഹൈക്കമ്മീഷന് സമീപം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യയോട് വിദ്വേഷം വർധിച്ചു വരുന്നതായി ഡൽഹി ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്ഥാനുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും ഇടക്കാല സർക്കാർ ശ്രമം നടത്തുന്നുണ്ട്.
അതേസമയം, ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹൊസൈൻ ഇത്തരം ആശങ്കകളെ തള്ളിയിട്ടുണ്ട്. ക്രമസമാധാന നില പാലിക്കപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട തൗഹിദ് ഹൊസൈൻ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന 'ഏഴ് സഹോദരി'മാരെ ഇന്ത്യയിൽ നിന്ന് അകറ്റുമെന്ന നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവ് ഹസ്നത്ത് അബ്ദുള്ളയുടെ പരാമർശവും തൗഹിദ് തള്ളി. ഇന്ത്യൻ ഹൈക്കമ്മീഷണറെ ബംഗ്ലാദേശിൽ നിന്ന് പുറത്താക്കുമെന്നും ഹസ്നത്ത് അബ്ദുള്ള ഭീഷണിപ്പെടുത്തിയിരുന്നു.
ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം അടച്ചുപൂട്ടിയത് വിസ കേന്ദ്രത്തിൽ ഒരു പരിപാടി ഉള്ളതിനാൽ സുരക്ഷയെക്കരുതിയാണെന്നും തൗഹിദ് ന്യായീകരിച്ചു. ബംഗ്ലാദേശിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ഉപദേശവും ബംഗ്ലാദേശ് പരിഗണിച്ചില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എത്രയും വേഗം തെരഞ്ഞെടുപ്പുകൾ നടത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇടക്കാല സർക്കാരിനെ പിന്തുണയ്ക്കുന്ന തീവ്ര ഗ്രൂപ്പുകൾ രാജ്യത്ത് ക്രമസമാധാന സാഹചര്യം സൃഷ്ടിച്ചും, ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചും ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബംഗ്ലാദേശ് നിരീക്ഷകർ സൂചിപ്പിച്ചു.