
രണ്ട് വര്‍ഷം മുമ്പ്, 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയ ഇസ്രയേലികളെ ഹമാസ് വിട്ടയച്ചു. ബന്ദികളാക്കിയവരില്‍ ജീവനോടെയുള്ള 20 പേരെയാണ് രണ്ട് ഘട്ടമായി ഹമാസ് വിട്ടയച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹ ശേഷിപ്പുകളും ഇന്ന് കൈമാറും. പകരം, രാജ്യത്തെ വിവിധ ജയിലുകളിലുള്ള 1968 പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ വിട്ടയയ്ക്കുന്നത്. ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് നടപടി.
പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഹമാസ് ബന്ദികളെ കൈമാറുന്നതിന് തുടക്കമിട്ടത്. ആദ്യം ഏഴുപേരെയും, പിന്നീട് 13 പേരെയുമാണ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറിയത്. ഇക്കാലത്തിനിടെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹ ശേഷിപ്പുകള്‍ കൂടി ഹമാസ് കൈമാറും. 28 മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കൈമാറുക. രണ്ടു വര്‍ഷത്തിനുശേഷം സ്വതന്ത്രരായവര്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
ഹമാസ് ബന്ദികളെ വിട്ടയച്ചതിനു പിന്നാലെ, പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാന പദ്ധതിയുടെ ഭാഗമായി 1968 പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുന്നത്. ഇവരിലേറെയും ഗാസ നിവാസികളാണ്, കുറച്ചുപേര്‍ വെസ്റ്റ് ബാങ്ക് നിവാസികളുമാണ്. പലസ്തീന്‍ തടവുകാരുമായുള്ള ആദ്യ ബസ് വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തി. നിരവധിപ്പേരാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാനായി ഗാസയിലും വെസ്റ്റ് ബാങ്കിലുമായി കാത്തിരിക്കുന്നത്.