

വാഷിങ്ടണ്‍: തന്റെ ഹിന്ദു ഭാര്യ എന്നെങ്കിലും ക്രിസ്ത്യന്‍ മതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. മിസിസിപ്പിയില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വാന്‍സ്.
'ഇപ്പോള്‍ പല ഞായറാഴ്ചയും ഭാര്യ ഉഷ എനിക്കൊപ്പം പള്ളിയില്‍ വരാറുണ്ട്. ഇക്കാര്യം അവരോടും പരസ്യമായും നേരത്തേ പറഞ്ഞതാണ്. ഇപ്പോള്‍ എന്റെ പതിനായിരത്തോളം വരുന്ന അടുത്ത സുഹൃത്തുക്കളുടെ മുന്നിലും പറയുകയാണ്, ഞാന്‍ ചര്‍ച്ചിലേക്ക് അടുത്തതു പോലെ, എന്റെ ഭാര്യയും ഒരിക്കല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാര്‍ത്ഥമായി ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു, കാരണം ഞാന്‍ ക്രിസ്തീയ സുവിശേഷത്തില്‍ വിശ്വസിക്കുന്നു, ഒടുവില്‍ എന്റെ ഭാര്യയും അത് അതേ രീതിയില്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'
ഭാര്യ ഉഷ ക്രിസ്തുമതത്തിലേക്ക് മാറുമോ എന്ന ചോദ്യത്തിനായിരുന്നു വാന്‍സിന്റെ മറുപടി. തന്റെ ഭാര്യയുടെ വിശ്വാസം തനിക്കൊരു പ്രശ്‌നമല്ലെന്നു കൂടി വാന്‍സ് കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും സ്വതന്ത്രമായ തീരുമാനമുണ്ടെന്നാണ് ദൈവം പറയുന്നത്. അതിനാല്‍ ഉഷ മതംമാറിയില്ലെങ്കിലും അത് തനിക്ക് പ്രശ്‌നമല്ല. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും സ്‌നേഹിക്കുന്ന വ്യക്തിയുമായുള്ള ബന്ധം അങ്ങനെയാണെന്നും വാന്‍സ് പറഞ്ഞു.
2019 ലാണ് ജെഡി വാന്‍സ് കത്തോലിക്കാ വിശ്വാസിയാകുന്നത്. ഉഷയെ പരിചയപ്പെടുന്ന സമയത്ത് താന്‍ ഒരു നിരീശ്വരവാദിയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ രീതിയിലാണ് വളര്‍ത്തുന്നത്. ക്രിസ്ത്യന്‍ സ്‌കൂളിലാണ് അവര്‍ പോകുന്നതെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു.