
ബീജിങ്: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിച്ചു. ലോക സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണെന്ന് യാത്ര പുറപ്പെടും മുമ്പ് നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.
ചൈനയുമായുള്ള ശക്തമായ സൗഹൃദബന്ധം നിർണായകമാണെന്നും അത് മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത ഉറപ്പാക്കുമെന്നും മോദി പ്രതികരിച്ചു.
ജപ്പാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നേരത്തെ ജപ്പാനിൽ ദ്വിദിന സന്ദർശനത്തിന് എത്തിയത്. ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ 10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിൻ്റെ പ്രോട്ടോടൈപ്പ് നിർമിക്കുന്ന സ്ഥലം ഉൾപ്പെടെ നാല് ഫാക്ടറികൾ മോദി സന്ദർശിച്ചു.