

കോലാലംപൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിൻ്റെ ശിക്ഷാകാലാവധിയുടെ ബാക്കി ഭാഗം വീട്ടുതടങ്കലിൽ കഴിയാൻ അനുവദിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവിനെ ചോദ്യം ചെയ്യുന്നതിനെതിരെ മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിം രംഗത്ത്. നജീബ് റസാഖിന് നൽകിയ സോപാധിക മാപ്പ് ഉത്തരവ് വ്യക്തവും സംശയങ്ങൾക്കതീതവുമാണെന്ന് കൊട്ടാരം പ്രസ്താവനയിൽ വ്യക്തമാക്കി.
ഭരണഘടനയുടെ 42-ാം അനുച്ഛേദ പ്രകാരം രാജാവിനുള്ള സവിശേഷാധികാരമാണിത്. അതിനാൽ ഈ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് രാജകീയ ഉത്തരവിനെ ലംഘിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജകീയ മാപ്പിൻ്റെ വ്യവസ്ഥ പ്രകാരം 50 ദശലക്ഷം റിങ്കിറ്റ് പിഴ ഒടുക്കിയതിനെത്തുടർന്ന് നജീബിനെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാർട്ടി ഒരുക്കങ്ങൾ നടത്തിയിരുന്നു.
എന്നാൽ ഇതിൻ്റെ നിയമപരമായ വ്യാഖ്യാനങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിൻ്റെ ഓഫീസ് ഈ കൈമാറ്റം താൽക്കാലികമായി തടഞ്ഞുവെച്ചു. ഇതേത്തുടർന്നാണ് ഉത്തരവിൽ യാതൊരു അവ്യക്തതയുമില്ലെന്ന് വ്യക്തമാക്കി രാജാവ് രംഗത്തെത്തിയത്.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2022 മുതൽ നജീബ് റസാഖ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. മാപ്പ് ബോർഡിൻ്റെ തീരുമാനപ്രകാരം അദ്ദേഹത്തിൻ്റെ യഥാർത്ഥ 12 വർഷത്തെ തടവ് ശിക്ഷ ആറ് വർഷമായി കുറച്ചിരുന്നു. രാജാവിൻ്റെ പുതിയ ഉത്തരവ് പ്രകാരം ബാക്കി രണ്ട് വർഷത്തെ ശിക്ഷാകാലാവധി അദ്ദേഹത്തിന് വീട്ടുതടങ്കലിൽ കഴിയാം.
2009 മുതൽ 2018 വരെ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാഖ് സർക്കാർ നിക്ഷേപ സ്ഥാപനമായ വണ്‍ മലേഷ്യ ഡെവലപ്മെൻ്റെ ബെർഹാദ് ഫണ്ടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2022 മുതൽ തടവിലാണ്. ആദ്യം 12 വർഷം തടവും 21 കോടി റിങ്കിറ്റ് പിഴയുമാണ് വിധിച്ചത്. 2024ൽ രാജകീയ മാപ്പ് ബോർഡ് ശിക്ഷ ആറു വർഷമായി കുറയ്ക്കുകയും പിഴ അഞ്ചു കോടി റിങ്കിറ്റായി താഴ്ത്തുകയും ചെയ്തു.