

രാഷ്ട്രീയ, സൈനിക സേവനത്തിന്റെ മുന്‍കാല ചരിത്രമൊന്നും ഇല്ലാതെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. ബിസിനസ് ആയിരുന്നു ട്രംപിന്റെ ഇടം. 1971ല്‍ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചുമലിലേറ്റ ട്രംപ് ആ ബിസിനസ് സാമ്രാജ്യത്തെ വിശാലമാക്കി. ലോകമെങ്ങും വിവിധ മേഖലകളിലായി, സ്ഥാപനങ്ങളായി വളര്‍ന്ന ബിസിനസിന് ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന ഒറ്റപ്പേരായി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അതിന്റെ തലപ്പത്തുനിന്ന് ട്രംപ് മാറിയെങ്കിലും, ആ ബിസിനസ് സാമ്രാജ്യത്തിന് യാതൊരു ക്ഷീണവും തട്ടിയില്ല. അത് അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. രണ്ടാം തവണയും അധികാരത്തിലേറിയതിനു പിന്നാലെ ട്രംപിന്റെ വരുമാനം കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത ബിസിനസിനൊപ്പം ഡിജിറ്റല്‍ ആസ്തികളിലേക്കു കൂടി ശ്രദ്ധ വെച്ചിട്ടുണ്ട് ട്രംപ്. സൈബറിടങ്ങളില്‍ നിറയുന്ന ട്രോളും പരിഹാസവും മീമും പോലും ട്രംപിന് സാമ്പത്തിക നേട്ടമാണ്.
ഫ്ലോറിഡയിലെ ട്രംപിന്റെ പ്രധാന റിസോർട്ടുകളായ മാർ-എ-ലാഗോ, ട്രംപ് നാഷണൽ ഡോറൽ എന്നിവ റെക്കോഡ് വരുമാനം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ രാഷ്ട്രീയാധികാരവും ബിസിനസും തമ്മിലുള്ള ബന്ധം എത്രത്തോളം ശക്തമാണെന്നതിന്റെ സൂചന കൂടിയാണിത്. 2025-ൽ മാത്രം മാർ-എ-ലാഗോയിൽ നിന്ന് ട്രംപ് ഏകദേശം 77.5 മില്യൺ ഡോളർ വരുമാനം നേടിയതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുൻവർഷത്തേക്കാൾ 50 ശതമാനത്തിലധികമാണ് വരുമാനത്തിലെ വർധന. 2020ലെ വരുമാനത്തിന്റെ മൂന്നിരട്ടിയിലേറെയും.
ട്രംപ് നാഷണൽ ഡോറലിൽ നിന്ന് ഏകദേശം 122 മില്യൺ ഡോളർ വരുമാനമാണ് ലഭിച്ചത്. അധികാരത്തിലെത്തിയതിനു ശേഷം ട്രംപ് മാർ-എ-ലാഗോയും ഡോറലും രണ്ട് ഡസനിലേറെ തവണ സന്ദർശിച്ചിട്ടുണ്ട്. ഒരാള്‍ ഭക്ഷണത്തിന് ഒരു മില്യൺ ഡോളർ വരുന്ന ഫണ്ട്റൈസിങ് ഡിന്നറുകൾ, റിപ്പബ്ലിക്കൻ പാർട്ടി പരിപാടികൾ, വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ, വ്യവസായ പ്രമുഖരുടെ സമ്മേളനങ്ങൾ എന്നിവയും സ്ഥിരമായി സംഘടിപ്പിക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി മാർ-എ-ലാഗോയിലെ അംഗത്വ പ്രവേശനഫീസ് ട്രംപ് ഒരു മില്യൺ ഡോളറായി ഉയർത്തുകയും ചെയ്തിരുന്നു.
പ്രസിഡന്റുമായി നേരിട്ടു സംസാരിക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് റിസോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. രാത്രി ഭക്ഷണത്തിനിടെ ട്രംപുമായി അനൗപചാരികമായി സംസാരിക്കാന്‍ കിട്ടുന്ന അവസരം. അത് ആവശ്യമായവരാണ് മാര്‍-എ-ലാഗോയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതായത്, ട്രംപുമായോ അദ്ദേഹത്തിന്റെ സര്‍ക്കാരുമായോ ബിസിനസ് ബന്ധം സ്ഥാപിക്കാന്‍ താൽപര്യം കാണിക്കുന്നവരുടെ ഇടമായി റിസോര്‍ട്ട് മാറിയിട്ടുണ്ട്. പ്രസിഡന്റിനോട് തങ്ങള്‍ക്ക് പറയാനുള്ള കാര്യം പറയാനൊരു അവസരത്തോളം വലുതായിരുന്നില്ല അവര്‍ക്ക് പ്രവേശന ഫീസും ഡിന്നര്‍ ഫീസുമൊന്നും.
ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ഒട്ടനവധി ഫണ്ട് റൈസിങ് പരിപാടികൾ ഈ റിസോർട്ടുകളിൽ നടന്നു. 2025ൽ MAGA ഇന്‍കോര്‍പ്പറേറ്റഡ് സംഘടിപ്പിച്ച 'കാൻഡിൽലൈറ്റ് ഡിന്നറിൽ' ടെക് വ്യവസായി ഇലോൺ മസ്ക് ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു. 2025-26 കാലയളവിൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി മാർ-എ-ലാഗോയ്ക്കും ഡോറലിനുമായി ഒരു മില്യൺ ഡോളറിലധികം ചെലവഴിച്ചതായി ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ വ്യക്തമാക്കുന്നു. ട്രംപ് സർക്കാരുമായി ബിസിനസ് ബന്ധമുള്ള ചില കമ്പനികളും റിസോര്‍ട്ടുകളില്‍ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് വാക്സിന്‍ നിര്‍മാതാക്കളായ ഫൈസര്‍ കമ്പനിയുടെ ഉന്നത നേതൃത്വം 2025 ജനുവരിയിൽ, ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പായി മാർ-എ-ലാഗോയിൽ യോഗം ചേര്‍ന്നിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിപ്റ്റോ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ട്രംപ് സ്വന്തം റിസോർട്ടുകൾ തന്നെയാണ് ഉപയോഗിച്ചത്.
ട്രംപിന്റെ സ്വകാര്യ റിസോർട്ടുകൾ പ്രസിഡന്റിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പ്രധാന വേദികളായി മാറുകയും, അതിലൂടെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നത്. പ്രസിഡന്റ് പദവിയും രാഷ്ട്രീയവുമൊക്കെ, ട്രംപ് സ്വന്തം ബിസിനസ് നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതും അവിടെയാണ്. രാജ്യതാല്‍പ്പര്യത്തേക്കാള്‍ ബിസിനസ് താല്‍പ്പര്യം ട്രംപിനെ ഭരിക്കുന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അത്തരം ആശങ്കകള്‍ക്കോ ആരോപണങ്ങള്‍ക്കോ അടിസ്ഥാനമില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രതികരണം. അധികാരത്തിലെത്തിയശേഷം ട്രംപ് തന്റെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെടുന്നില്ല. മക്കള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റാണ് ബിസിനസ് കാര്യങ്ങള്‍ നോക്കുന്നതെന്നും അന്ന കെല്ലി പറയുന്നു.
റിസോര്‍ട്ടുകളില്‍ നിന്നുള്ള വരുമാനം മാത്രമല്ല ട്രംപിന്റെ സാമ്പത്തിക സ്രോതസ്. അതിനേക്കാള്‍ ഏറെയാണ് ക്രിപ്റ്റോ കറന്‍സിയില്‍ നിന്നുള്ള നേട്ടം. ട്രംപ് മീം കോയിന്‍, മക്കള്‍ സഹസ്ഥാപകരമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്നിവ ഉള്‍പ്പെടെ ക്രിപ്റ്റോ ബിസിനസുകളില്‍നിന്ന് 1.4 മില്യണ്‍ ഡോളറിലധികമാണ് ട്രംപ് നേടിയിരിക്കുന്നത്. പേരു പോലെ തന്നെയാണ് മീം കോയിനുകള്‍. ഇന്റര്‍നെറ്റിലെ തമാശകള്‍, ട്രോളുകള്‍, മീമുകള്‍ എന്നിവയില്‍ നിന്നോ സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ചര്‍ച്ചകളില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന ഡിജിറ്റല്‍ കറന്‍സികളാണ് മീം കോയിനുകള്‍. അതായത്, ബിറ്റ് കോയിനും എഥീരിയത്തിനും ഉള്ളതുപോലെ സാങ്കേതിക ലക്ഷ്യങ്ങളോ, സാമ്പത്തിക പരിഹാര ശൈലിയോ ഒന്നും മീം കോയിന് ഇല്ല. സൈബറിടങ്ങളില്‍ വൈറലായ ട്രോളിനും, മീമിനും അനുസരിച്ചാകും ഇവയുടെ ജനപ്രീതി.
ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മീം കോയിനുകളാണ് 'ഡോജ്കോയിൻ', 'ഷിബ ഇനു' എന്നിവ. അതിന്റെ ചുവടുപിടിച്ചാണ് ട്രംപിന്റെ പേരിലും മീം കോയിന്‍ ഇറക്കിയത്. അതാണിപ്പോള്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുകളും, പ്രസ്താവനകളും, പ്രസംഗങ്ങളുമൊക്കെ ഹിറ്റാകുന്നതനുസരിച്ച് മീം കോയിന്റെ മൂല്യവും കുതിച്ചുയരും. അതായത്, ഇയാളിതെന്ത് മണ്ടത്തരമാണ് ഈ പറയുന്നതെന്ന് നാം ചിന്തിക്കുകയും, ചര്‍ച്ചയാക്കുകയും ചെയ്യുന്നതു പോലും ട്രംപിന്റെ ബിസിനസ് നേട്ടമാണ്. ഏറ്റവും കൂടുതൽ ട്രംപ് മീം കോയിന്‍ വാങ്ങിയവർക്കായി ട്രംപ് 2026 ഏപ്രിലിൽ മാർ-എ-ലാഗോയിൽ പ്രത്യേക ഗാല തന്നെ സംഘടിപ്പിച്ചിരുന്നു.
റിസോര്‍ട്ടുകള്‍ക്കും, ക്രിപ്റ്റോ കറന്‍സിക്കുമൊപ്പം പരമ്പരാഗത ബിസിനസുകളായ ഗോൾഫ് കോഴ്‌സ്, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെയും ട്രംപ് നേട്ടം കൊയ്യുന്നുണ്ട്. വിയറ്റ്നാം, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് 'TRUMP' ബ്രാൻഡ് ഉപയോഗിക്കാൻ നൽകിയ ലൈസൻസിങ് കരാറുകളിലൂടെ ഏകദേശം 60 മില്യൺ ഡോളർ വരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ പ്രസിഡന്റുമാരുടെ കാര്യത്തിലൊന്നും കാണാത്ത തരത്തിലൊരു സാമ്പത്തിക വളര്‍ച്ചയാണ് ട്രംപ് സ്വന്തമാക്കുന്നത്. പരമ്പരാഗത ബിസിനസിനൊപ്പം ഡിജിറ്റല്‍ അസറ്റിലേക്കു കൂടി കണ്ണു നട്ടുള്ളതാണ് ട്രംപിന്റെ ഇക്കണോമിക്സ്. പദവിയും, ഭരണകൂട നയങ്ങളുമൊക്കെ ഒപ്പം നില്‍ക്കുമ്പോള്‍ മാത്രമേ ആസ്തി കുതിച്ചുയരൂവെന്ന് മറ്റാരേക്കാള്‍ നന്നായി ട്രംപിന് അറിയാം.
റഫറന്‍സ്: https://edition.cnn.com/2026/07/01/us/trump-financial-disclosure-mar-a-lago-doral-income-invs
https://www.bbc.com/news/articles/cvgmv98ez3zo
https://www.forbes.com/sites/danalexander/2026/07/01/mar-a-lagos-revenue-skyrocketed-55-as-trump-returned-to-power/
https://www.rnz.co.nz/news/world/654796/soaring-revenue-at-mar-a-lago-shows-how-trump-s-business-interests-and-politics-intersect