

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും ന്യൂയോർക്കിൽ ക്രിമിനൽ കുറ്റവിചാരണ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി. വെനസ്വേലയുടെ പ്രഥമ പൗരനും ഭാര്യയും യുഎസിൻ്റെ മണ്ണിലുള്ള കോടതികളിൽ അമേരിക്കൻ നീതിന്യായ നടപടിക്രമങ്ങളെ നേരിടേണ്ടി വരുമെന്നും പാം ബോണ്ടി പറഞ്ഞു.
മഡൂറോയെ ഇതിനോടകം തന്നെ യുഎസിൽ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കൈ പിന്നിലേക്ക് കെട്ടിയ നിലയിൽ മഡൂറോ യുഎസ് സൈനികർക്കൊപ്പം നടന്നുനീങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും യുഎസ് അറ്റോർണി ജനറൽ എക്സിൽ കുറിച്ചു.
അതേസമയം, യുഎസിൻ്റെ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡൂറോയെ യൂറോപ്യൻ യൂണിയൻ നിശിതമായി വിമർശിച്ചു. മഡൂറോ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നത് നിയമവിരുദ്ധമായി ആണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു. 2024ലെ മഡൂറോയുടെ തെരഞ്ഞെടുപ്പ് വിജയം യൂറോപ്യൻ യൂണിയൻ തള്ളിക്കളഞ്ഞിരുന്നുവെന്നും യൂറോപ്യൻ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞനായ കായാ കല്ലസ് പറഞ്ഞു.
മഡൂറോയേയും ഭാര്യയേയും യുഎസ് ബന്ദിയാക്കിയെങ്കിൽ അവർ ജീവിച്ചിരിപ്പുണ്ട് എന്നതിന് കൂടി തെളിവ് ഹാജരാക്കണമെന്ന് വെനസ്വേലൻ വൈസ് പ്രസിഡൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് യുഎസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും രാജ്യത്തിന് പുറത്ത് എത്തിച്ചുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം പ്രസിഡൻ്റും ഭാര്യയും എവിടെയാണെന്ന് സർക്കാരിന് അറിയില്ലെന്നാണ് വെനസ്വേലയുടെ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് ദേശീയ ചാനലിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.