

വെനസ്വേലൻ പരമാധികാരത്തിന് മേൽ കടന്നുകയറി, പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനെതിരെ ലോകരാജ്യങ്ങളിൽ പ്രതിഷേധം ശക്തം. യുഎസിൽ വൈറ്റ്ഹൌസിന് മുന്നിലും പ്രധാന നഗരങ്ങളിലും ജനം തെരുവിലിറങ്ങി.ക്യൂബ,ചിലി, ബാർസലോണ, അർജൻ്റീന, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങളിൽ ഉടനീളം അമേരിക്കൻ നടപടിക്കെതിരെ ജനരോഷം ആഞ്ഞടിക്കുകയാണ്.
വെനസ്വേലൻ പരമോന്നതക്ക് മേൽ അമേരിക്ക നടത്തിയ അധിനിവേശത്തിൽ ലോകരാജ്യങ്ങളിൽ വൻ പ്രതിഷേധമാണ് ഉടലെടുക്കുന്നത്. സൌത്ത് അമേരിക്കൻ രാജ്യങ്ങളിലും കരീബീയൻ രാജ്യങ്ങളിലും ട്രംപിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി.'നോ വാർ ഓൺ വെനസ്വേല', 'ഹാറ്റ്സ് ഓഫ് വെനസ്വേല' തുടങ്ങിയ ബാനറുകളുമായാണ് ജനം തെരുവുകളിൽ ഒത്തുകൂടിയത്.ബ്രൂക്ക്ലിങ്ങിലെ ഡിറ്റൻഷൻ സെൻ്ററിന് പുറത്തും ജനം പ്രതിഷേധവുമായെത്തി.
മഡൂറോയ്ക്ക് പിന്തുണയുമായി ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ പതിനായിരക്കണക്കിന് പേർ തെരുവിലിറങ്ങി. കൊളംബിയയിലും ഗ്രീസിലും സ്പെയിനിലും ഇറ്റലിയിലും റോമിലും ആയിരക്കണക്കിന് പേർ പ്രതിഷേധിച്ചു. ഗ്രീസിൽ അമേരിക്കൻ പതാക പ്രതിഷേധക്കാർ അഗ്നിക്ക് ഇരയാക്കി. യുഎസ് നടപടിക്കെതിരെ കൊളംബിയയിലും ജനം തെരുവിലിറങ്ങി. മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടി പുനപരിശോധിക്കണമെന്നും മഡൂറോയെ വിട്ടയക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് മഡൂറോയെന്നും പുടിൻ വ്യക്തമാക്കി.
യുഎസിൻ്റെ നടപടി എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡാ സിൽവ അഭിപ്രായപ്പെട്ടു. മഡൂറോയ്ക്ക് എതിരാണെങ്കിലും വിദേശ സൈന്യത്തിൻ്റെ അധിനിവേശത്തെ ഇറ്റലി അംഗീകരിച്ചില്ല. അതേസമയം, യുഎസ് നടപടിയെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തി, നിയമവിരുദ്ധമായാണ് മഡൂറോ അധികാരത്തിൽ തുടർന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി. ഓപ്പറേഷനിൽ പങ്കാളിയല്ലെങ്കിലും അമേരിക്കയ്ക്ക് പിന്തുണയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്മർ സ്റ്റാമർ പറഞ്ഞു. അധിനിവേശത്തെ ഫ്രാൻസ് പിന്തുണച്ചപ്പോൾ, നിയമലംഘനം നടന്നോ എന്ന് പരിശോധിക്കുകയാണെന്ന് ജർമ്മനി വിശദീകരിച്ചു. മഡൂറോയെ ബന്ദിയാക്കിയതിൽ ബൊളീവിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഒരു വിഭാഗം വെനസ്വേലൻ ജനതയും സന്തോഷം പങ്കുവെച്ചു.