

യുഎസും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ലെബനനില്‍ ആക്രമണം തുടരുന്ന ഇസ്രയേലിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ദുഷ്ടന്മാരും മനുഷ്യരാശിയുടെ ശാപം എന്നുമാണ് ഇസ്രയേലിനെ പാക് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.
പാകിസ്ഥാന്റെ പരാമര്‍ശത്തിനെതിരെ ഇസ്രയേല്‍ ശക്തമായ മറുപടിയുമായി രംഗത്തെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് കടുത്തു. യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കുന്ന പാകിസ്ഥാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് ഇസ്രയേലിന്റെ നിലപാട്. എന്നാല്‍, വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ശരിയായില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്‍.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ ഭാഷയില്‍ ഖവാജ ആസിഫ് എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ രൂക്ഷമായി പ്രതികരിച്ചതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ലെബനനില്‍ വംശഹത്യ തുടരുകയാണ്, ആദ്യം ഗാസയിലേയും പിന്നീട് ഇറാനിലേയും ഇപ്പോള്‍ ലെബനനിലേയും നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കി ഇസ്രയേല്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണ്.
യൂറോപ്യന്‍ ജൂതന്മാരെ ഇല്ലാതാക്കാന്‍ പലസ്തീന്‍ മണ്ണില്‍ ഈ ക്യാന്‍സര്‍ പോലെയുള്ള രാജ്യം സൃഷ്ടിച്ചവര്‍ നരകാഗ്‌നിയില്‍ വെന്തുരുകട്ടെ എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നുമാണ് ഖവാജ ആസിഫ് എക്‌സില്‍ കുറിച്ചത്.
ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന അതിക്രൂരമാണെന്ന് നെതന്യാഹു തിരിച്ചടിച്ചു. ഒരു സര്‍ക്കാരില്‍ നിന്നും, പ്രത്യേകിച്ച് സമാധാനത്തിനായുള്ള നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണിതെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയും ഖവാജ ആസിഫിന്റെ പരാമര്‍ശത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നീക്കങ്ങളാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. എന്നാല്‍, ഇസ്രയേലിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഖവാജ ആസിഫ് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ പാകിസ്ഥാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഇസ്രയേല്‍ സാധാരണ ഒഴിവാക്കാറാണ് പതിവ്. എന്നാല്‍, പതിവിനു വിപരീതമായി പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കടുത്ത ഭാഷയില്‍ പ്രതികരണം നടത്തിയത് വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചയ്ക്ക് ഇസ്രയേല്‍ തുടക്കം മുതല്‍ താത്പര്യം കാണിച്ചിരുന്നില്ല. പാകിസ്ഥാന്‍ വിശ്വസനീയമായ മധ്യസ്ഥനല്ലെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റൂവന്‍ അസര്‍ നേരത്തേ പ്രതികരിച്ചിരുന്നു.
ഇറാനും യുഎസും തമ്മിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ ലെബനന് ബാധകമില്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ വെടിനിര്‍ത്തല്‍ ലെബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും ബാധകമാണെന്നായിരുന്നു മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാദം. ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ലെബനന്‍ വെടിനിര്‍ത്തലിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയതോടെ കൂടുതല്‍ ആശയക്കുഴപ്പങ്ങളുണ്ടായി. ഇതിനിടയില്‍ ഇസ്രയേല്‍ ലെബനനില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്നോട്ടു പോകുമെന്ന് ഇറാനും വ്യക്തമാക്കി.