

കാരക്കാസ്: വെനസ്വേലയെ കടന്നാക്രമിച്ച് പ്രസിഡൻ്റ് നിക്കൊളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കിയ യുഎസ് നടപടിക്ക് പിന്നാലെ മേഖലയിൽ സമാധാനം പുലരണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങൾ. യുഎസ് നടപടിയെ സാമ്രാജ്യത്വശക്തിയുടെ ആക്രമണമെന്നാണ് വെനസ്വേല സർക്കാർ വിശേഷിപ്പിച്ചത്. പൊതുജനങ്ങൾ ഇതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് നടത്തിയത് അസാധാരണ നീക്കമായിരുന്നു എന്നും അതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അതേസമയം, വെനസ്വേലയിലെ യുഎസ് സൈനിക നടപടികൾ അങ്ങേയറ്റം ആശങ്കാജനകവും അപലപനീയവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വ്യാപാരപരമായ പ്രായോഗികതയേക്കാൾ പ്രത്യയശാസ്ത്രപരമായ ശത്രുത വിജയിച്ചിരിക്കുന്നു എന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലാറ്റിനമേരിക്കൻ മേഖലയിൽ സമാധാനം പുലരണമെന്നും, വിനാശകരമായ അധിനിവേശ സൈനിക നടപടികളില്ലാതെ വെനസ്വേലക്കാർക്ക് സ്വന്തം വിധി നിർണയിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം യുഎസിനോട് ആവശ്യപ്പെട്ടു.
ലാറ്റിനമേരിക്കയുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണിതെന്നും വെനസ്വേലയ്ക്ക് എതിരായ സൈനിക നീക്കം ലോകത്തെ മറ്റൊരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും കൊളംബിയൻ പ്രസിഡൻ്റ് വിമർശിച്ചു. യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിൻ്റെ അതിർത്തിയിൽ കൂടുതൽ സൈനികരെ നിയോഗിച്ചതായി കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ അറിയിച്ചു.
വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താൻ ഇടനിലക്കാരായി ചർച്ച നടത്താൻ ഒരുക്കമാണെന്ന് സ്പെയിൻ അറിയിച്ചു. വെനിസ്വേലയിലെ സ്ഥിതിഗതികൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം ശ്രദ്ധാപൂർവം നിരീക്ഷിച്ച് വരികയാണെന്ന് ബെൽജിയൻ ഉപപ്രധാനമന്ത്രി പറഞ്ഞു. സാഹചര്യങ്ങളെ ആശങ്കയോടെയും ശ്രദ്ധയോടെയും നിരീക്ഷിക്കുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
അതേസമയം, മഡൂറോ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നത് നിയമവിരുദ്ധമായാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു. 2024ലെ മഡൂറോയുടെ തെരഞ്ഞെടുപ്പ് വിജയം യൂറോപ്യൻ യൂണിയൻ തള്ളിക്കളഞ്ഞിരുന്നുവെന്നും യൂറോപ്യൻ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞനായ കായാ കല്ലസ് പറഞ്ഞു.