

ബെൻഗാസി: ലിബിയൻ തുറമുഖ നഗരമായ ബെൻഗാസിയിൽ നങ്കൂരമിട്ടിരുന്ന ഒരു റഷ്യൻ യുദ്ധക്കപ്പൽ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്കി. ആയുധങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റൊരു റഷ്യൻ ചരക്ക് കപ്പലിന് നേരെയും ആക്രമണം ഉണ്ടായതായും അദ്ദേഹം ഇന്ന് സ്ഥിരീകരിച്ചു.
ഓരോ റഷ്യൻ ആക്രമണത്തിനു ശേഷവും യുക്രെയ്ൻ സ്വന്തം കാലിൽ തിരിച്ചെത്താനുള്ള വഴികൾ കണ്ടെത്തുന്നുണ്ടെന്ന് സെലെൻസ്കി കൂട്ടിച്ചേർത്തു. അതിന് ഉദാഹരണമാണ് പടിഞ്ഞാറൻ സൈബീരിയ മുതൽ യുദ്ധക്കപ്പലുകൾ മുങ്ങിക്കൊണ്ടിരിക്കുന്ന ലിബിയയുടെ തീരം വരെയെത്തുന്ന റഷ്യയ്ക്കുള്ള യുക്രെയ്നിൻ്റെ മറുപടിയെന്നും യുക്രെയ്ൻ പ്രസിഡൻ്റ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ റഷ്യയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ഇന്ധനം നിറയ്ക്കുന്നതിനും സാധനങ്ങൾ കയറ്റുന്നതിനുമായി ബെംഗാസി തുറമുഖത്ത് എത്തിയ യുദ്ധക്കപ്പലിൽ ഒരു സ്ഫോടനം ഉണ്ടായതായി ലിബിയൻ സർക്കാർ അറിയിച്ചു.
റഷ്യയുടെ ഏറ്റവും പുതിയ കപ്പലുകളിലൊന്നായ കോർവെറ്റ് മെർക്കുറിയെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനായി ഏഴ് നാവിക ഡ്രോണുകൾ വിന്യസിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. ഒരു കെ.എ-27 കോംബാറ്റ് ഹെലികോപ്റ്ററും നശിപ്പിക്കപ്പെട്ടതായി യുക്രെയ്ൻ പ്രസിഡൻ്റ് പറഞ്ഞു. എം.വി. അങ്കാര എന്ന മറ്റൊരു റഷ്യൻ ചരക്ക് കപ്പലിനെ കൂടി ആക്രമിച്ചെന്ന് സെലെൻസ്കി വെളിപ്പെടുത്തി.
ലിബിയയിലെ ആക്രമണങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎൻ ദൗത്യസംഘം രംഗത്തെത്തി. അക്രമസംഭവങ്ങളിൽ ഉടനടി സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും ഐക്യരാഷ്ട്ര സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു. ലിബിയയെ വിദേശ സംഘർഷങ്ങൾക്കുള്ള ഒരു യുദ്ധക്കളമായി മാറ്റരുത്. ലിബിയയ്ക്ക് അത് താങ്ങാൻ കഴിയില്ലെന്നും യുഎൻ ദൗത്യസംഘം പറഞ്ഞു.