

ആസ്ട്രേലിയ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു.ആസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. അക്രമികൾ 50 തവണയോളം വെടിയുതിർത്തതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്ക ആരംഭിക്കാനിരിക്കുന്ന രാത്രിയാണ് വെടിവയ്പ്പ് നടന്നത്. ജൂത ഉത്സവത്തിന് മുന്നോടിയായി കടൽത്തീരത്ത് നടന്ന പരിപാടിക്കായി നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തു കൂടിയ സമയത്തായിരുന്നു ആക്രമണം.
കുട്ടികളേയോ പ്രായമായവരേയോ പോലും പരിഗണിക്കാതെയാണ് അക്രമികൾ വെടിയുതിർത്തതെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. അക്രമികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു നിക്കുവാനും പൊലീസ് ആവശ്യപ്പെട്ടു.
ബോണ്ടിയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് സംഭവത്തോട് പ്രതികരിച്ചു.
ഇന്ന് രാത്രി ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തോടൊപ്പമാണ് എന്റെ ഹൃദയമെന്ന് അക്രമത്തെ അപലപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് സൂസൻ ലീ പറഞ്ഞു. സമാധാനത്തിൻ്റെയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെയും ആഘോഷമായ ചനൂക്ക ബൈ ദ സീ ആഘോഷത്തിനിടയിലാണ് ഇത്തരമൊരു ആക്രമണം നടന്നത്. അഗാധമായ ദുരന്തത്തിൻ്റെയും ഞെട്ടലിൻ്റെയും ഈ നിമിഷത്തിൽ വെറുപ്പിനെതിരെ ഓസ്‌ട്രേലിയക്കാർ എന്ന നിലയിൽ ഇന്ന് ഒരുമിച്ച് നിൽക്കണമെന്നും സൂസൻ ലീ ആഹ്വാനം ചെയ്തു.