

പശ്ചിമേഷ്യയെ കലുഷിതമാക്കി യുദ്ധം എട്ടാം ദിവസത്തിലേക്ക്. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെയടക്കം ലക്ഷ്യം വച്ചുള്ള ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണം തുടരുകയാണ്. ഇറാനിയൻ വ്യോമാതിർത്തി നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യുഎസ് അറിയിച്ചു.ഇസ്രയേലിന് അടിയന്തര ആയുധ വിൽപ്പനയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അനുമതി നൽകിയതോടെ സംഘർഷം കനക്കാനാണ് സാധ്യത. ഇതിനിടെ ക്രൂഡ് ഓയിലിൻ്റെ വില 92 ഡോളർ കടന്നു.
യുദ്ധം തുടങ്ങി വെറും എട്ട് ദിവസത്തിനുള്ളിൽ 3000 ത്തോളം ആക്രമണങ്ങളാണ് യുഎസ് ഇറാനിലേക്ക് നടത്തിയത്. 40 ലധികം കപ്പലുകൾ ആക്രമിച്ചെന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇറാനിയൻ വ്യോമാതിർത്തി നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളിലാണ് അമേരിക്കയെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് അറിയിച്ചു. ഇറാൻ നിരുപാധികമായി കീഴടങ്ങാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ്.
ഇതിനിടെ ആയുധശേഖരം വർധിപ്പിക്കാനും ട്രംപ് നിർദേശം നൽകി. ഇസ്രയേലിന് 15 മില്യൺ ഡോളറിൻ്റെ അടിയന്തര ആയുധ വിൽപന നടത്താനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെൻ്റ് അനുവാദം നൽകിയിട്ടുണ്ട്. യുദ്ധോപകരണങ്ങളും മറ്റ് സൈനിക സഹായങ്ങളും യുഎസ് ഇസ്രയേലിന് നൽകും. ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തിൽ 1332 പേരാണ് ഇറാനിൽ വെറും എട്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത്. സ്കൂളുകളും ആശുപത്രികളുമുൾപ്പെടെ യുഎസ് ലക്ഷ്യമിടുന്നുവെന്നാണ് ഇറാൻ്റെ ആരോപണം. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണത്തിൽ 217 പേർക്കും ജീവൻ നഷ്ടമായി. 30000 പേരെ മാറ്റിപ്പാർപ്പിച്ചു.
ഇതിനിടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇറാൻ്റെ തിരിച്ചടിയും തുടരുകയാണ്. ബഹ്റൈനിലും ഖത്തറിലും ഇറാൻ്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദി–അബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് പറത്തിയ നാല് ഡ്രോണുകൾ സൌദി വെടിവച്ചിട്ടു.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാൽ പശ്ചിമേഷ്യയിലെ എണ്ണവ്യാപാരവും വലിയ പ്രതിസന്ധിയിലാണ്. യുദ്ധം ഒരുമാസം നീണ്ടാൽ ഗൾഫ് രാജ്യങ്ങളുടെ എണ്ണ സംഭരണശേഷി കുറയും. ഇതോടെ എണ്ണ ഉൽപാദനം പരിമിതപ്പെടുത്തേണ്ടി വരും. വിദേശ ഊർജ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിൻ്റെയും വിലയിലെ കുതിച്ചുചാട്ടത്തിൻ്റെ ഇരകളാകുക.
അതിനിടെ ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. കരമാർഗ്ഗം സൌദിയിലെത്തിച്ച് വിമാന മാർഗ്ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഇതിനുള്ള രജിസ്ട്രേഷൻ ഖത്തർ എംബസിയിൽ തുടങ്ങും.