

രണ്ടാഴ്ചയിലേറെയായി കപ്പൽ പിന്തുടർന്നതിനു ശേഷം വടക്കൻ കടലിൽ വച്ച് റഷ്യയുടെ പതാകയുള്ള എണ്ണ ടാങ്കറായ മരിനീര പിടിച്ചെടുത്ത് യുഎസ്. നാവിക സേനയെ അകമ്പടിയ്ക്കായി വിട്ട് കപ്പലിനെ സംരക്ഷിക്കാൻ മോസ്കോ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം.
കപ്പൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചുള്ള പ്രസ്താവനയും യുഎസ് സൈന്യത്തിൻ്റെ യൂറോപ്യൻ കമാൻഡ് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട് . യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് നീതിന്യായ വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, പ്രതിരോധ വകുപ്പ് എന്നിവ ചേർന്നാണ് ടാങ്കർ പിടിച്ചെടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു.
യുഎസ് കോസ്റ്റ്ഗാർഡ് കപ്പൽ പിടിച്ചടക്കുന്ന സമയത്ത് മരിനീരയുടെ പരിസരത്ത് റഷ്യൻ കപ്പലുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇത് നടക്കാനിടയുണ്ടായിരുന്ന സംഘർഷം ഒഴിവാക്കിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റഷ്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ആർടി ടാങ്കറിനടുത്തേക്ക് ഒരു ഹെലികോപ്റ്റർ വരുന്നതായി കാണിക്കുന്ന വ്യക്തമല്ലാത്ത രണ്ടു ഫോട്ടോകളും പുറത്തു വിട്ടിട്ടുണ്ട്.
ബെല്ല 1 എന്നറിയപ്പെട്ടിരുന്ന ഈ ടാങ്കറിന് 2024-ൽ യുഎസ് അനുമതി നൽകിയ ശേഷം ഇതിൻ്റെ പേര് മരിനീര എന്ന് മാറ്റുകയായിരുന്നു. ഇറാനിൽ നിന്ന് വെനസ്വേലയിലേക്ക് പോവുകയായിരുന്ന ടാങ്കർ യുഎസ് സമുദ്ര ഉപരോധത്തിൽ നിന്ന് ഒഴിഞ്ഞു മാറിയതിനെ തുടർന്ന് യുഎസ് കോസ്റ്റ് ഗാർഡ് കപ്പലിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഐസ്‌ലാൻഡിലെ യുഎസ് താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ കപ്പലിന് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
യുഎസ് സൈന്യം ടാങ്കർ തടയാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. ഡിസംബറിൽ, വെനസ്വേലയ്ക്ക് സമീപം ഒരു ബോർഡിംഗ് ശ്രമം ക്രൂ പരാജയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ആ സംഭവത്തെത്തുടർന്നാണ് കപ്പലിന് പുറത്ത് റഷ്യൻ പതാക വരയ്ക്കുകയും കപ്പൽ റഷ്യയുടെ ഔദ്യോഗിക ഷിപ്പിംഗ് രജിസ്ട്രിയിൽ ചേർക്കുകയും ചെയ്തത്. തുടർന്ന് മോസ്കോ കപ്പലിനെ പിന്തുടരുന്നത് വാഷിംഗ്ടൺ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനുപുറമെ, ലാറ്റിൻ അമേരിക്കൻ സമുദ്രാതിർത്തിയിൽ വെനിസ്വേലയുമായി ബന്ധമുള്ള മറ്റൊരു ടാങ്കറും യുഎസ് കോസ്റ്റ് ഗാർഡ് തടഞ്ഞു.